ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു.
കോട്ടയം: ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ – സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ. പിറന്നാൾ ദിനത്തിൽ ആയിരുന്നു കുഞ്ഞിന്റെ ദാരുണാന്ത്യം. ( doha school girl death )
രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിൽ സീറ്റിൽ ഉറങ്ങിപ്പോയതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.