വേലനിലം കുടിവെള്ളപദ്ധതിയെ തകര്‍ക്കാനുള്ള ശ്രമം അവസാനിപ്പിക്കണം: സംരംക്ഷണ സമിതി

മുണ്ടക്കയം:വേലനിലം കുടിവെള്ള പദ്ധതിക്കു വേണ്ടി നിര്‍മ്മിച്ച ചെക്ക് ഡാമില്‍ നിന്നും പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണലും എക്കലും നീക്കെ ചെയ്യാന്‍ നടപടി സ്വീകരിക്കാത്ത മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ പക്ഷപാതപരമായ നിലപാട് അവസാനിപ്പിക്കണമെന്നും കുടിവെള്ള പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും വേലനിലം കുടിവെള്ള പദ്ധതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.പ്രളയത്തിന് ശേഷം ആദ്യഘട്ടത്തില്‍ മണല്‍ സ്വന്തം നിലയില്‍ നീക്കം ചെയ്യണമെന്നും ഇതിന് പിന്നീട് ഫണ്ട് അനുവദിക്കാമെന്നുമുള്ള അധികാരികളുടെ വാക്ക് വിശ്വസിച്ച് ഭീമമായ തുക മുടക്കി കുടിവെള്ള പദ്ധതി കമ്മറ്റി സ്വന്തം നിലയില്‍ മണല്‍ ഒരു പരിധിവരെ നീക്കം ചെയ്തിരുന്നു.എന്നാല്‍ പിന്നീട് ഉണ്ടായ മലവെള്ള പാച്ചിലില്‍ വീണ്ടും ചെക്ക് ഡാം നികന്നു.ഇതിനെ തുടര്‍ന്ന് പല സമയത്തും നാട്ടുകാരും കമ്മറ്റിയും പുതിയ പദ്ധതിയില്‍പ്പെടുത്തി ചെക്ക് ഡാമിലെ മണല്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് ഭരണസമിതി അതിന് തയാറായിട്ടില്ല. മുണ്ടക്കയം പഞ്ചായത്ത് പരിധിയില്‍ ഏറ്റവും കൂടുതല്‍ മണല്‍ അടിഞ്ഞ സ്ഥലം ഇതായിട്ടും പഞ്ചായത്ത് ഭരണസമിതി മുഖം തിരിച്ചു നില്‍ക്കുന്നത് ദുരൂഹമാണ്.2004 ല്‍ മുന്‍ എം എല്‍ എ കെ വി കുര്യന്‍ മുന്‍കൈ എടുത്ത് സ്ഥാപിച്ച പദ്ധതിയില്‍ നിന്നും കൂട്ടിക്കല്‍ പഞ്ചായത്തിലെ ചപ്പാത്ത് ഭാഗം മുതല്‍ മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ ചെളിക്കുഴി വരെ എണ്ണൂറ് കുടുംബങ്ങള്‍ക്ക് ജലം ലഭിക്കുന്നുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ കുടിവെള്ള പദ്ധതികളില്‍ ഒന്നാണിത്.പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു നല്‍കിയാല്‍ മണല്‍ നീക്കം ചെയ്യാമെന്നാണ് മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നത് എന്നാല്‍ പഞ്ചായത്ത് അനാസ്ഥ കാരണം ഇവ മുടങ്ങുകയാണ് എത്രയും വേഗം ഈ വിഷയത്തില്‍ തീരുമാനമുണ്ടാകണമെന്ന് ജനകീയ സമിതി ഭാരവാഹികളായ മോനിച്ചന്‍ വാഴവേലി,ഔസേപ്പച്ചന്‍ ചെറ്റക്കാട്ട് എന്നിവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page