മുണ്ടക്കയം,കോരുത്തോട് പഞ്ചായത്തുകള്‍ക്കായി 250 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതി പ്രാരംഭ പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു .
ചിത്രം.പ്രതീകാത്മകം
മുണ്ടക്കയം,കോരുത്തോട് പഞ്ചായത്തുകള്‍ക്കായി 250 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതി പ്രാരംഭ പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു .
സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ജലജീവൻ മിഷനിലൂടെ 250 കോടിയോളം രൂപ മുതൽ മുടക്കി മുണ്ടക്കയം, കോരുത്തോട് ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ ജലസ്രോതസ്സിന് വേണ്ടിയുള്ള വെള്ളനാടി ഭാഗത്തെ മൂരിക്കയം ചെക്ക് ഡാമിന്റെ സർവ്വേ നടപടികൾ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ ഷാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിൻസി മാനുവേൽ, കെ. റ്റി റേച്ചൽ, സുലോചന സുരേഷ്, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എന്‍.പത്മകുമാർ, കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഷാന്‍റി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ഈ ചെക്ക് ഡാം പൂർത്തീകരിക്കുന്നതോടുകൂടി മണിമലയാറ്റില്‍ ഏകദേശം 1 കിലോമീറ്റർ നീളത്തിൽ 9 ദശലക്ഷം ഗ്യാലൻ വെള്ളം സംഭരിച്ച് നിർത്തുന്നതിന് കഴിയും.ഇതുവഴി കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലെ 20000 ഓളം കുടുംബങ്ങൾക്ക് വർഷത്തിൽ 365 ദിവസവും ശുദ്ധജലം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഹാരിസൺ മലയാളം എസ്റ്റേറ്റിൽ നിന്നും വിട്ടു കിട്ടിയ 75 സെന്റ് സ്ഥലത്ത് സ്ഥാപിക്കുന്ന ട്രീറ്റ്മെന്‍റ് പ്ലാന്‍റില്‍ വെള്ളം ശുദ്ധീകരിച്ചാണ് ജലവിതരണം നടത്തുക. ഇതിന്റെ ഭാഗമായി മുണ്ടക്കയം പഞ്ചായത്തിൽ 7 ഉം , കോരുത്തോട് പഞ്ചായത്തിൽ 4 വലിയ ടാങ്കുകളും, കൂടാതെ 3 ചെറിയ ടാങ്കുകളും ഉൾപ്പെടെ ആകെ 14 ജലസംഭരണ ടാങ്കുകളും സ്ഥാപിക്കുന്നുണ്ട്. കൂടാതെ പമ്പ് ഹൗസുകൾ മറ്റ് അനുബന്ധ കാര്യങ്ങൾ എന്നിവയും ക്രമീകരിക്കുന്നതാണ്. ഈ പ്രവർത്തനങ്ങൾ എല്ലാം 2024 ഓടു കൂടി പൂർത്തീകരിച്ച് ജലവിതരണം നടത്തുന്ന വിധത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്നും എംഎൽഎ അറിയിച്ചു.