മരങ്ങാട്ടുപിള്ളിയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ബൈക്കിലിടിച്ചു വീട്ടമ്മ മരിച്ചു.
കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ബൈക്കിലിടിച്ചു വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് പകലോമറ്റം ഐക്കരത്താഴത്ത് ബേബിയുടെ ഭാര്യ സോഫി(50) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മരുമകന്റെ കാലിനു ഗുരുതരമായി പരുക്കേറ്റു. പള്ളിക്കത്തോട് അരുവിക്കുഴി തകടിയേൽ ജിമ്മിയാണ് ബൈക്ക് ഓടിച്ചത്.
കോഴ-പാലാ റോഡില്‍ മരങ്ങാട്ടുപള്ളി ടൗണില്‍ രാവിലെയാണ് അപകടമുണ്ടായത്. എറണാകുളത്തുന്നിന്ന് വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെ ബൈക്കില്‍ തട്ടുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന വീട്ടമ്മ തെറിച്ചു റോഡില്‍ വീണു. ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയും തൽക്ഷണം മരിക്കുകയായിരുന്നുവെന്ന് അപകട സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.