കിടങ്ങൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: കിടങ്ങൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം ഇല്ലത്തു വീട്ടിൽ ഷാജി മകൻ സ്റ്റെഫിൻ ഷാജി (19) എന്നയാളെയാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തും ചേർന്ന് വെള്ളിയാഴ്ച രാത്രി 11 മണിയോടെ ചേർപ്പുങ്കൽ കെ.റ്റി.ഡി.സി ബിയർ പാർലറിന് സമീപത്തായിരുന്നു സംഭവം. പുലിയന്നൂർ സ്വദേശിയായ യുവാവിനെയാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിന് മാർഗതടസം സൃഷ്ടിക്കത്തക്ക രീതിയിൽ പ്രതികൾ നിൽക്കുന്ന സമയം യുവാക്കൾ വണ്ടിയുടെ ഹോൺ അടിച്ചു വഴിയിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പ്രതികൾ യുവാവിനെയും സുഹൃത്തിനെയും കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. പിന്നീട് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കിടങ്ങൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു.
ഇയാൾക്ക് കിടങ്ങൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.ആർ ബിജു, എസ്.ഐ ജസ്റ്റിൻ, പത്രോസ്, എ.എസ്.ഐ ബിജു ചെറിയാൻ, സി.പി.ഓ മാരായ സുനിൽ,സനീഷ്, ജിനീഷ്, ജോസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.