ഹാജരാകാത്ത ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈല്‍ മരവിപ്പിക്കും

പരീക്ഷ എഴുതുമെന്ന് പി.എസ്.സിക്ക് ഉറപ്പ് നല്‍കിയ ശേഷം ഹാജരാകാത്ത ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈല്‍ മരവിപ്പിക്കും. കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെടുക്കാനൊരുങ്ങുന്നത്. ചോദ്യപേപ്പര്‍, ഉത്തരക്കടലാസ്, പരീക്ഷകേന്ദ്രം തുടങ്ങിയവ തയാറാക്കാന്‍ ഒരു ഉദ്യോഗാര്‍ഥിക്ക് നൂറിലധികം രൂപയാണ് ചെലവ്. ഉദ്യോഗാര്‍ഥികള്‍ ഹാജരാകാതെ വരുന്നതോടെ ഓരോ പരീക്ഷ കഴിയുമ്പോഴും ലക്ഷങ്ങളാണ് പി.എസ്.സിക്ക് നഷ്ടം വരുന്നത്. അതേസമയം, ആരോഗ്യ പ്രശ്‌നങ്ങള്‍, അപകടം, പരീക്ഷ ദിനത്തിലെ മറ്റു പരീക്ഷ തുടങ്ങി വ്യക്തമായ കാരണമുള്ളവരെ നടപടിയില്‍നിന്ന് ഒഴിവാക്കും. ഇവര്‍ പരീക്ഷ കഴിഞ്ഞശേഷം നിശ്ചിത രേഖകള്‍ സഹിതം പി.എസ്.സി പരീക്ഷാ കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കേണ്ടിവരും. കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദതല പ്രാഥമിക പരീക്ഷകളില്‍ 60 ശതമാനം പേരാണ് പരീക്ഷ എഴുതാന്‍ ഹാജരായത്. ഉദ്യോഗാര്‍ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് നാലും അഞ്ചും ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. ഉദ്യോഗസ്ഥ സംവിധാനത്തെയും പല ഘട്ടങ്ങളിലായി വിന്യസിച്ചു. എന്നാല്‍, ഉദ്യോഗാര്‍ഥികള്‍ കൂട്ടത്തോടെ ഹാജരാകാതിരുന്നതോടെ മാര്‍ക്ക് ഏകീകരണത്തിൽ അടക്കം ബുദ്ധിമുട്ട് നേരിടേണ്ട സാഹചര്യത്തിലാണ് പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ മരവിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഐ.ടി.ഐ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച തസ്തികകള്‍ക്ക് ഉയര്‍ന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് 2023 ജനുവരി 17ന് മുമ്പുള്ള വിജ്ഞാപനങ്ങള്‍ക്ക് ബാധകമാക്കേണ്ടതില്ലെന്നും കമ്മീഷന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page