ഭക്തർക്ക് ദർശന പുണ്യം. പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയിച്ചു
സന്നിധാനം: പൊന്നമ്പലമേട്ടിൽ മകരവിളക്ക് മൂന്നു വട്ടം തെളിഞ്ഞു. സന്നിധാനം ശരണം വിളികളാൽ മുഖരിതമായി. മകരവിളക്കിന് ശേഷം ആകാശത്ത് ഉത്രം നക്ഷത്രവും തെളിഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച ദീപാരാധന വേളയില്‍ അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തില്‍ നിന്ന് പരമ്പരാഗത പാതയിലൂടെ കാല്‍നടയായി എത്തിയ തിരുവാഭരണ ഘോഷയാത്രയെ വൈകീട്ട് 5.30ന് ശരംകുത്തിയില്‍ സ്വീകരിച്ചു.
ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ ശബരീശന് ദീപാരാധന നടന്നശേഷം, സന്ധ്യയ്ക്കു 6.46നാണ് കിഴക്ക് പൊന്നമ്പലമേട്ടിൽ മകരവിളക്ക് ആദ്യം തെളിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ രണ്ടുതവണ കൂടി ജ്യോതി മിന്നിത്തെളിഞ്ഞതോടെ പൂങ്കാവനം ഭക്തിപാരവശ്യത്തിലേറി. ശരണപാതകൾ പിന്നിട്ട് തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെയാണു സോപാനത്തിലെത്തിയത്. തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോൾ സന്നിധാനം ഭക്തിയുടെ പാരമ്യത്തിലായി. പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞപ്പോൾ ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണംവിളി അയ്യനുള്ള ആരതിയായി.