മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വില്പനയ്ക്കായി മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി പൂതക്കുഴി ഇല്ലത്തു പറമ്പിൽ വീട്ടിൽ ദിലീപ് മകൻ മുഹമ്മദ് കൈസ് (22) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടിയത്.
ഇയാൾ വിൽപ്പനയ്ക്കായി ലഹരിവസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ കഴിഞ്ഞദിവസം രാത്രിയില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബെഡ്റൂമിൽ നിന്നും 0.11 ഗ്രാം എൽ. എസ്.ഡി സ്റ്റാമ്പും, 0.25 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുക്കുകയായിരുന്നു.
സംഭവ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞ ഇയാളെ പോലീസ് സംഘം തൃശ്ശൂരിൽ നിന്നും പിടികൂടുകയായിരുന്നു.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഷിന്റോ പി. കുര്യൻ, എസ്.ഐ ശശികുമാർ, സി.പി.ഓ മാരായ ബോബി,വിമൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.