മകരജ്യോതി ദർശനത്തിനു തീർഥാടകർ കാത്തിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും പ്രത്യേക സുരക്ഷ
ശബരിമല : മകരജ്യോതി ദർശനത്തിനു തീർഥാടകർ കാത്തിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ അഗ്നി രക്ഷാ സേന ഡയറക്ടർ (ടെക്നിക്കൽ) നൗഷാദ് ലാൽ, ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) അരുൺ അൽഫോൺസ്, സിവിൽ ഡിഫൻസ് റിജീയനൽ ഓഫിസർ സിദ്ധകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷ ഓഡിറ്റിൽ തീരുമാനിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അഗ്നി രക്ഷാസേന സുരക്ഷ ഓഡിറ്റ് നടത്തണമെന്നും സുരക്ഷാ വ്യവസ്ഥകൾ മുന്നോട്ടുവയ്ക്കണമെന്നും ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ സന്ദർശനം. സന്നിധാനം സ്‌പെഷൽ ഓഫിസർ വി.ആർ. അഭിലാഷിനൊപ്പം ഇവർ വെടിവഴിപാട് നടത്തുന്ന സ്ഥലങ്ങൾ മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപം കതിന പൊട്ടി അപകടം ഉണ്ടായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഡിജിപി ഡോ. ബി.സന്ധ്യയുടെ മേൽനോട്ടത്തിലാണു മകരവിളക്ക് ക്രമീകരണങ്ങൾ.മകര ജ്യോതി ദർശനത്തിനു സൗകര്യമുള്ള സന്നിധാനം, അട്ടത്തോട്, പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ, സത്രം, കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ സേനാംഗങ്ങളെ നിയോഗിക്കും. മകരവിളക്കു സമയത്ത് ഉണ്ടായേക്കാവുന്ന തിക്കിലും തിരക്കിലും തീർഥാടകർ കുഴഞ്ഞു വീണാൽ ഉടൻ രക്ഷാ പ്രവർത്തനം നടത്താൻ കൂടുതൽ സ്ട്രച്ചറുകൾ എത്തിക്കും. ഇതിനായി പർവതാരോഹണം, ജലദുരന്തം എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനു പ്രത്യേക പരിശീലനം ലഭിച്ച 30 പേരടങ്ങുന്ന പ്രത്യേക സംഘത്തെ സന്നിധാനത്തു നിയോഗിക്കും.തീപിടിത്തം ഉണ്ടായാൽ വെള്ളം എടുക്കാനുള്ള ഹൈഡ്രന്റ് ഇല്ലാത്ത ഭാഗങ്ങളിൽ കൊണ്ടു നടക്കാവുന്ന പമ്പുകൾ സ്ഥാപിക്കും.തീർഥാടകർ താലത്തിൽ കർപ്പൂരം കത്തിച്ചു തിരക്കിനിടയിലൂടെ കൊണ്ടുപോകുന്നത് ഒഴിവാക്കും. ഇത് അപകടത്തിന് ഇടയാക്കും.മകര ജ്യോതി കാണാവുന്ന സ്ഥലങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ഈ ദിനങ്ങളിൽ തിരക്കിൽപ്പെട്ടു തീർഥാടകർ കുഴഞ്ഞു വീഴുന്ന സാഹചര്യം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സ്ട്രച്ചറുകൾ എത്തിക്കും. ഡിജിപി ഡോ. ബി.സന്ധ്യയുടെ മേൽനോട്ടത്തിലാണ് മകരവിളക്കിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ നടത്തുക