കാഞ്ഞിരപ്പള്ളിയിലെ ക്വാറിയിൽ നിന്ന് ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളിയിലെ എറികാട് ഭാഗത്തുള്ള മാളിയേക്കൽ ക്വാറിയിൽ നിന്ന് ഒരു ലക്ഷത്തില്‍ പരം രൂപ വിലപിടിപ്പുള്ള ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമ്പലക്കാട് താന്നിക്കൽ വീട്ടിൽ അപ്പു മകൻ പ്രസാദ് (41), തമ്പലക്കാട് തേവർശേരിൽ വീട്ടിൽ സുരേന്ദ്രൻ മകൻ സുഭാഷ് എന്ന് വിളിക്കുന്ന അമൽ (29), തമ്പലക്കാട് തുരുത്തിപള്ളിയിൽ വീട്ടിൽ ജോസ് മകൻ ജോജോ ജോസഫ് (32), കപ്പാട് മുണ്ടപ്ലാക്കൽ വീട്ടിൽ ഭാസ്കരൻ മകൻ ബിജു (47), തമ്പലക്കാട് തൈപ്പറമ്പിൽ വീട്ടിൽ രാജപ്പൻ മകൻ രാജേഷ് (38), തമ്പലക്കാട് ചീരംകുളത്ത് മോഹനൻ മകൻ അനികുട്ടൻ (37) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ മാസം എറികാട് ഭാഗത്തുള്ള ക്വാറിയിൽ നിന്നും ഒരു ലക്ഷത്തില്‍ പരം രൂപ വില വരുന്ന വോൾവോ മെഷീനിൽ ഉപയോഗിക്കുന്ന വീൽ ബ്രേക്കിന്റെ ബോട്ടുകളും, മറ്റ് സ്പെയർ പാർട്സുകളും ഗോഡൗണിൽ നിന്നും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. ക്വാറി ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു. ഉടമയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തി ഇവരെ തമ്പലക്കാട് കാപ്പാട് എന്നീ ഭാഗങ്ങളി ൽ നിന്നും പിടികൂടുകയായിരുന്നു.
പ്രതികളിൽ പ്രസാദും അനിക്കുട്ടനും ചേർന്ന് ആദ്യം ഇതേ ക്വാറിയിൽ കയറി 5000 രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചിരുന്നു. അതിനുശേഷം പ്രസാദ് അനിക്കുട്ടൻ ഒഴികെയുള്ള മറ്റു പ്രതികളുമായി ചേർന്ന് ഒരു ലക്ഷം രൂപ വില വരുന്ന സാധനങ്ങൾകൂടി ഇവിടെനിന്നും മോഷ്ടിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ അമലിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ പ്രസാദിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ രണ്ട് കേസുകൾ നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി കുര്യൻ, എസ്.ഐ അരുൺ തോമസ്, ബിജി ജോർജ്,സി.പി.ഓ മാരായ വിമൽ, ശ്രീരാജ്, ബോബി, പീറ്റർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.