കോട്ടയം കളത്തിപ്പടിയിൽ വീടുകയറി ആക്രമണം

കോട്ടയത്ത് വീടുകയറി ആക്രമണം.

കോട്ടയം: കളത്തിപ്പടിയിൽ വീടുകയറി ആക്രമണം. സംഘർഷത്തിനിടെ ആക്രമണ സംഘത്തിലൊരാൾക്ക് കുത്തേറ്റു. കളത്തിപ്പടി ആനത്താനത്താണ് സംഭവം. ഓട്ടോറിക്ഷയ്ക്കായി എടുത്ത വാഹന വായ്പ കുടിശികയായതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ പ്രതിനിധികൾ എന്ന് പറഞ്ഞ് എത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. വാഹനം പിടിക്കാനായി വിജയപുരം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന കോടൻചെരുവിൽ കെ.എസ്. ജോസഫ് (62), രജ്ഞിത്ത് (38), അജിത്ത് (36) എന്നിവരുടെ വീടുകളിലാണ് ആക്രമണമുണ്ടായത്. തുടർന്ന് കയ്യാങ്കളിക്കിടെ അക്രമിസംഘം കത്തി വീശിയപ്പോൾ രഞ്ജിത്തിൻ്റെ ചൂണ്ടുവിരലിൻ്റെ അഗ്രം മുറിഞ്ഞു വിട്ടുപോയി. ഇതിനൊപ്പമാണ് അടുത്തു നിന്ന അക്രമി സംഘത്തിലൊരാൾക്കും വയറ്റിൽ ആഴത്തിൽ കത്തി കൊണ്ട് മുറിവേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആന്തരികാവയവങ്ങൾക്കും മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ വീട്ടുകാരെയും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. വീട്ടിലെ ജനൽചില്ലുകൾ, ടിവി, ഗൃഹോപകരണങ്ങൾ എന്നിവയും തകർന്നിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.
ഓട്ടോറിക്ഷയുടെ തിരിച്ചടവ് ഒരു തവണ മുടങ്ങിയതിനായിരുന്നു ആക്രമണമെന്നും ഇവർ പറയുന്നു. കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page