ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ പൊലീസ് പിടിയില്‍
കുമളി: ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ പൊലീസ് പിടിയില്‍. തൃശൂര്‍ മുകുന്ദപുരം സ്വദേശി അലന്‍ ബാബുവിനെയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച കുമളിയിലെ ഒരു ലോഡ്ജില്‍ സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പൊലീസ് പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. അലന്‍ ബാബു തന്നെ പ്രണയം നടിച്ച് നിര്‍ബന്ധിച്ച് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തു.