ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
കൂവപ്പള്ളി നെടുങ്ങാട് ഭാഗം മണ്ണാർക്കയം വീട്ടിൽ കുമാർ മകൻ കണ്ണൻ (31), ഇടക്കുന്നം കുഴിവേലിൽ വീട്ടിൽ കൃഷ്ണൻകുട്ടി മകൻ ടിനു കൃഷ്ണൻകുട്ടി (പല്ലക്ക് -32) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം രാത്രി കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ഭാഗത്തുള്ള പഞ്ചായത്ത് കോംപ്ലക്സിന്റെ ഭാഗത്ത് വച്ച് ഓട്ടോ ഡ്രൈവർ ആയ കൂവപ്പള്ളി സ്വദേശി രാജുനെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
വൈകുന്നേരത്തോട് കൂടി ഓട്ടോ ഓടിച്ചു വന്ന രാജുവും എതിരെ സ്കൂട്ടറിൽ വന്ന ഇവരും തമ്മിൽ വഴിയിൽ വെച്ച് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇവർ രാത്രിയിൽ രാജുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോവുകയും ചെയ്തു. ഇയാളുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പത്തനംതിട്ടയിൽ നിന്നും പിടികൂടുകയുമായിരുന്നു.