പരുന്തുംപാറയിലെ ആത്മഹത്യാ മുനമ്പിൽ യുവാവിനെ കാണാതായതായി പരാതി
പീരുമേട്: പരുന്തുംപാറയിലെ ആത്മഹത്യാ മുനമ്പിൽ യുവാവിനെ കാണാതായതായി പരാതി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഇവിടെ ബാഗും ചെരുപ്പും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബാഗുതുറന്ന് നടത്തിയ പരിശോധനയിൽ പാമ്പനാർ റാണികോവിൽ സ്വദേശിയുടേതാണ് ബാഗെന്ന് തിരച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം ജീവിച്ചിരിക്കുന്ന പിതാവ് മരിച്ചതായി ഇയാൾ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇയാളുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും എത്തി അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. പ്രതികൂല കാലാവസ്ഥയും രാത്രിയും ആയതിനാൽ കൂടുതൽ തിരച്ചിൽ നടത്താൻ സാധിച്ചില്ല. കൊക്കയിലേക്ക് ആൾ ചാടിയതിന്റെ പ്രാഥമികലക്ഷണങ്ങൾ ഇല്ലെന്നാണ് അഗ്നിരക്ഷാ സേന പറയുന്നത്. പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.