കോട്ടയം പാമ്പാടിയിലെ ജ്വല്ലറി മോഷണക്കേസിലെ പ്രതി പിടിയില്‍.

കോട്ടയം പാമ്പാടിയിലെ ജ്വല്ലറി മോഷണക്കേസിലെ പ്രതി പിടിയില്‍. മുണ്ടക്കയം കൂട്ടിക്കല്‍ ടോപ്പ് സ്വദേശി അജീഷാണ് പാമ്പാടി പോലീസിന്റെ പിടിയിലായത്.
കറുകച്ചാലിലും സമാനമായ രീതിയില്‍ ഇയാള്‍ മോഷണം നടത്തിയെന്ന് പോലീസ് പറഞ്ഞു.

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കടബാധ്യതകള്‍ പരിഹരിക്കാനും മാതാപിതാക്കളെ പരിചരിക്കാന്‍ പണം കണ്ടെത്താനുമായിരുന്നു മോഷണമെന്ന് അജീഷ് പോലീസിനോട് പറഞ്ഞു.

കൂട്ടിക്കലില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.

മോഷണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇയാളെന്നും പോലീസ് പറഞ്ഞു.

പാമ്പാടി ആശുപത്രി പടിക്കലിലുള്ള കയ്യാലപ്പറമ്പില്‍ ജ്വല്ലറിയില്‍ ആയിരുന്നു മോഷണം. സ്‌കൂട്ടറിലാണ് മോഷ്ടാവ് ജ്വല്ലറിയില്‍ എത്തിയത്. കടയില്‍ എത്തിയ ശേഷം മാല കാണണമെന്ന് ആവശ്യപ്പെട്ടു. കടയുടമ ജയകുമാര്‍ രണ്ടു മാലകള്‍ കാട്ടിക്കൊടുത്തു. ഉടമ കടയുടെ ഉള്ളിലേക്ക് പോയ തക്കം നോക്കി നാലു പവന്റെ രണ്ടു മാലകളുമായി മോഷ്ടാവ് പുറത്തിറങ്ങി. തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറി കടന്നു കളഞ്ഞു.

മോഷ്ടാവ് പോയ ശേഷമാണ് മോഷണ വിവരം കടയുടമയും കടയില്‍ ഉണ്ടായിരുന്നവരും അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളായിരുന്നു മുഖ്യ തെളിവ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page