അഴിമതി സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ വിശദീകരണം പച്ചക്കള്ളം യു ഡി എഫ്
അഴിമതി സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ വിശദീകരണം പച്ചക്കള്ളം യു ഡി എഫ്
കോട്ടയം: സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണ സമിതി നടത്തിയിരിക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടതിന്റെ പേരിൽ ആരോപണ വിധേയരായ ജില്ലാ പഞ്ചായത്ത് ഭരണസമിതി യുഡിഎഫിനെതിരെ തിരിച്ച് ആരോപണമുന്നയിച്ചിരിക്കുന്നത് വിചിത്രമാണെന്നും ജില്ലാ ഭരണകൂടത്തിനെതിരെ ഓഡിറ്റ് റിപ്പോർട്ടിൽ രേഖാമൂലം തെളിയിക്കപ്പെട്ടിരിക്കുന്ന അഴിമതിയിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാനാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
2020 ഡിസംബറിലാണ് ഇപ്പോഴത്തെ ഭരണസമിതി അധികാരത്തിൽ വന്നത് എന്ന് പറയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തനിക്ക് ഇതിൽ ഒരു പങ്കുമില്ല എന്ന് പറയുന്നത് പച്ചകള്ളമാണെന്നും, ഓഡിറ്റ് നടക്കുന്ന സമയത്ത് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയ സംശയങ്ങൾക്ക് അപ്പോൾ തന്നെ മറുപടി കൊടുക്കുന്നതിന് പകരം ഇനി മറുപടി നൽകാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി എന്ന് ഇപ്പോൾ പറയുന്നത് പുകമറ സൃഷ്ടിക്കാനാണെന്നും നേതാക്കൾ പറഞ്ഞു.
2020 ഡിസംബറിന് ശേഷം മാർച്ച് മാസത്തോടുകൂടിയാണ് മുൻവർഷത്തെ ബില്ലുകൾ ഭരണസമിതിയുടെ അംഗികാരത്തോടെ പ്രസിഡണ്ടിന്റെ ഒപ്പോടുകൂടി ട്രഷറിലേക്ക് പോകുന്നത്.
ഈ സാഹചര്യത്തിൽ ബില്ലിൽ ഒപ്പിട്ട പ്രസിഡന്റ് ഞാനൊന്നും അറിഞ്ഞില്ല എന്ന് പറയുന്നത് ആടിനെ പട്ടിയാക്കുന്നതു പോലെയാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പറയുന്ന പ്രകാരം അന്ന് പ്രസിഡന്റായിരുന്ന ഇപ്പോൾ പൂഞ്ഞാർ MLA ആയിരിക്കുന്ന സെബാസ്റ്റ്യൻ കുളത്തുങ്കനെ മാത്രം പ്രതിസ്ഥാനത്ത് നിർത്തി തടി തപ്പാനുള്ള നീക്കം അനുവധിക്കില്ല എന്നും നേതാക്കൾ പറഞ്ഞു.
നിർമ്മാണം പൂർത്തീകരിക്കാത്ത വർക്കിന്റെ പോലും ബില്ലുകൾ മാറിയിട്ടുണ്ട് എന്ന് പറഞ്ഞിരിക്കുന്നത് യുഡിഎഫ് അല്ലെന്നും സംസ്ഥാന ഓഡിറ്റ് ഭാഗമാണെന്നും അതിനു മറുപടിയാതെ പ്രസിഡണ്ടും ഭരണസമിതിയും തടി തപ്പാൻ വിഫലശ്രമം നടത്തുകയാണെന്നും നേതാക്കാൾ കുറ്റപ്പെടുത്തി.
ഈ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് വിജിലൻസിന് പരാതി നൽകുമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും, കൺവീനർ ഫിൽസൺ മാത്യൂസും, സെക്രട്ടറി അസീസ് ബഡായിലും പത്ര സമ്മേളനത്തിൽ പറഞ്ഞു.