മെസിപ്പടയുടെ ആക്രമണത്തിൽ അടിതെറ്റി ആസ്ട്രേലിയ . ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീനയുടെ ഉജ്വല വിജയം
അഴിഞ്ഞാടിയ മെസിപ്പടയുടെ ആക്രമണത്തിൽ അടിതെറ്റി ആസ്ട്രേലിയ . ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീനയുടെ ഉജ്വല വിജയം. ഇതോടെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച അർജന്റീന ക്വാർട്ടറിൽ ഹോളണ്ടിനെ നേരിടും. അർജന്റീനയ്ക്കു വേണ്ടി ലയണൽ മെസി ഒന്നും, ജൂലിയൻ ആൽവാരസ് ഒരു ഗോളും നേടി. അർജന്റീനയുടെ സെൽഫ് ഗോളായാണ് മറുപടി ഗോൾ പിറന്നത്. ഈ മത്സരത്തിൽ ഗോൾ നേടിയതോടെ അർജന്റീനയ്ക്കായി ആയിരം മത്സരങ്ങൾ പൂർത്തിയാക്കിയ മെസി, തന്റെ ആയിരാമത്തെ മത്സരത്തിലാണ് ഗോൾ നേടിയത്.
35 ആം മിനിറ്റിലായിരുന്നു ആ നിമിഷം എത്തിയത്. കോർണർ ബോക്സിന്റെ ഭാഗത്തു നിന്നും ഒരു ഫ്രീക്കിക്ക് മെസിയ്ക്കു ലഭിക്കുന്നു. ബോക്സിനുള്ളിലേയ്ക്കു വളഞ്ഞിറങ്ങിയ മെസിയുടെ കിക്ക്. തട്ടിത്തെറിച്ച് തിരികെ മെസിയുടെ കാലിലേയ്ക്കു തന്നെ. കളിയഴകും കാൽപ്പന്തഴകും ചേർന്നൊരു കവിതയെഴുതുകയായിരുന്നു മെസിയപ്പോൾ. കളത്തിലേയ്ക്കിറങ്ങിയെത്തിയ മെസിയുടെ ഇടംകാലലിൽ ഒട്ടിച്ചേർന്ന് ഒരു പന്തുണ്ടായിരുന്നു. ബോക്സിനുള്ളിലേയ്ക്കു കയറിയ മെസിയുടെ ഇടംകാലിൽ ചേർന്നു നിന്ന ആ പന്ത് ഒരു ഗ്രൗണ്ടറായി ബോക്സിന്റെ ബോട്ടം കോർണറിലേയ്ക്ക് ആഴ്ന്നിറങ്ങി. ഗോൾ…!!! അർജന്റീനൻ ആരാധകർ ആർപ്പു വിളിച്ച നിമിഷമായിരുന്നു അത്.
കളിയുടെ ഊർജം മുഴുവൻ കാലിലേയ്ക്ക് ആവാഹിച്ച് ആഞ്ഞടിക്കുന്ന ഊർജമായിരുന്നു പിന്നീട് ആർജന്റീനൻ ആക്രമണങ്ങൾക്കെല്ലാം. അതേ ആവേശത്തോടെ തന്നെ അർജന്റീനൻ പോരാളികൾ ആക്രമിച്ചു കയറി. ഇതിനിടെയാണ് ആസ്ട്രേലിയൻ ഗോളി മാറ്റ് റയാന് പിഴവ് പറ്റിയത്. ആസ്ട്രേലിയൻ കീപ്പർ മാറ്റ് റയാൻ പന്ത് ക്ലിയർ ചെയ്യുന്നതിൽ വൈകിയതും ഇദ്ദേഹത്തിന് പിഴവുണ്ടായതും അവസരമാക്കുകയായിരുന്നു രണ്ട് അർജന്റീനൻ പോരാളികൾ. ഗോൾ മുഖത്ത് കാത്തു നിന്ന ജൂലിയൻ ആൽവാരസിന്റെ ഇടപെടൽ.. റയാന്റെ കാലിൽ നിന്നും റാഞ്ചിയ പന്ത് വലയിൽ. രണ്ടാം ഗോളും പിറന്നു.
കളിയുടെ ഗതിയ്ക്കിതിരായ ആക്രമണമാണ് പിന്നീട് കണ്ടത്. അർജന്റീന ആക്രമിച്ച് കയറിയപ്പോഴെല്ലാം പ്രതിരോധം തീർത്ത് ആസ്ട്രേലിയൻ ആക്രമണ സംഘം എത്തി. ഇതിനിടെയാണ് അർജന്റീനൻ പ്രതിരോധ പിഴവിൽ നിന്നും ക്രെയ്ഗ് ഗുഡ് വിന്നിന്റെ ലോങ് റേഞ്ച് ഷോട്ട് എത്തിയത്. ബോക്സിനുള്ളിലെത്തിയ പന്ത് ക്ലിയർ ചെയ്തു വിട്ട അർജന്റീനൻ പ്രതിരോധ ഭടന് പിഴച്ചു. പന്ത് വീണത് ഗോഡ് വിന്റെ മുന്നിൽ. വലം കാലൻ ഷോട്ട് വീണ്ടും അർജന്റീനൻ പ്രതിരോധ മതിലിൽ ഇടിച്ച് വളഞ്ഞ് ബോക്സിന്റെ ഇടത്തേ മൂലയിലേയ്ക്കു തറഞ്ഞു കയറി. ഗോൾ രേഖപ്പെടുത്തിയത് അർജന്റീൻ താരം എൻസോ ഫെർണ്ണാണ്ടസിന്റെ പേരിൽ. ഗോൾ…!!! ഗാലറിയിൽ ആസ്ട്രേലിയൻ കാണികൾ ആർത്തു വിളിച്ചു.