ടി ആര് ആന്‍ഡ് ടി എസ്റ്റേറ്റ് മനേജ്മെന്റിന്റെ ക്രൂരത: ആനുകൂല്യം കിട്ടാതെ ചികിത്സ മുടങ്ങി തൊഴിലാളി മരിച്ചു
ടി ആര് ആന്‍ഡ് ടി എസ്റ്റേറ്റ് മനേജ്മെന്റിന്റെ ക്രൂരത: ആനുകൂല്യം കിട്ടാതെ ചികിത്സ മുടങ്ങി തൊഴിലാളി മരിച്ചു.മൃതദേഹവുമായി എസ്റ്റേറ്റ് ഓഫീസ് പടിക്കല്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തി. ആനുകൂല്യങ്ങള്‍ നല്കാത്തതുമൂലം ചികിത്സിക്കാന്‍ പണമില്ലാത്തതാണ് രോഗി മരിച്ചതെന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ പ്രതിഷേധം നടത്തിയത്.
ടി ആര് ആന്‍ഡ് റ്റി എസ്റ്റേറ്റിലെ മണിക്കല്‍ ഡിവിഷനിലെ മേലെ പാടത്ത് മനോഹരന് (60)ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. 2019 ല്‍ ജോലിയില്‍ നിന്നും വിരമിച്ച മനോഹരന് ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂള്യങ്ങള് കമ്പനിയില്‍ നിന്നും ലഭ്യമായിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്ന മനോഹരനോട് ഡോക്ടര്‍മാര്‍ ഓപ്പറേഷന് നിര്‍ദ്ദേശിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ആനുകൂല്യം ലഭിക്കുമ്പോള്‍ ഓപ്പറേഷന് നടത്താമെന്ന ചിന്തയിലായിരുന്നു മനോഹരന്. ഉടന്‍ തന്നെ ആനുകൂല്യം ലഭിക്കുമെന്നായിരുന്നു കഴിഞ്ഞ മൂന്നുവര്‍ഷമായി മനോഹരനും കുടുംബവും കരുതിയിരുന്നത്. ചികിത്സയിലിരിക്കെ എസ്റ്റേറ്റില്‍ നിന്ന് ലഭിക്കുവാനുള്ള ആനുകൂല്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ മാനേജ്മെന്റിനെ സമീപിച്ചെങ്കിലും നല്കുവാന് കമ്പനി തയ്യാറാകാതെ വന്നതോടെ മനോഹരന്റെ ചികിത്സ മുടങ്ങുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയല്‍ മനോഹരന്റെ ജീവന് നിലനിര്‍ത്തുവാന്‍ സാധിക്കുമായിരുന്നെന്നും, മാനേജ്മെന്റ് നല്കുവാനുള്ള ഗ്രാറ്റിവിറ്റി, പ്രൊവിഡന്റ് ഫണ്ടും നല്‍കാത്തതാണ് മനോഹരന്റെ മരണത്തിന് ഇടയാക്കിയതെന്നും ആരോപിച്ചുകൊണ്ടാണ് തൊഴിലാളികള്‍ മൃതദേഹവുമായി സമരം നടത്തിയത്്.