ആദ്യ പോരാട്ടത്തില്‍ സെര്‍ബിയയെ മഞ്ഞപ്പട തകർത്തു
ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ജിയിലെ ആദ്യ പോരാട്ടത്തില്‍ യൂറോപ്പില്‍ നിന്നുള്ള സെര്‍ബിയയെയാണ് മഞ്ഞപ്പട എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തത്. രണ്ടു ഗോളും ലോകകപ്പിലെ അരങ്ങേറ്റ മല്‍സരം കളിച്ച യുവ സ്‌ട്രൈക്കര്‍ റിച്ചാര്‍ളിസണിന്റെ വകയായിരുന്നു. ആദ്യ ഗോള്‍ റീബൗണ്ടില്‍ നിന്നൊരു ഷോട്ടായിരുന്നെങ്കില്‍ രണ്ടാമത്തേത് അതിമനോഹരമായ ഒരു ബൈസിക്കിള്‍ കിക്ക് വോളിയായിരുന്നു. 62, 73 മിനിറ്റുകളിലായിരുന്നു റിച്ചാര്‍ളിസണ്‍ തന്റെ പേരില്‍ ഗോളുകള്‍ എഴുതിച്ചേര്‍ത്തത്.
കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയില്‍ മഞ്ഞപ്പട ആക്രമണങ്ങളുടെ വേലിയേറ്റം തീര്‍ത്തു. നിരവധി ഗോളവസരങ്ങളാണ് രണ്ടാം പകുതിയില്‍ ബ്രസീലിനു ലഭിച്ചത്. ഇതിനിടെ രണ്ടു ഷോട്ടുകള്‍ ക്രോസ് ബാറില്‍ ഇടിച്ചുതെറിക്കുകയും ചെയ്തു.
ബലാബലം
താരനിബിഡമായ ബ്രസീലിനെ കളിയിലെ നിയന്ത്രണമേറ്റെടുക്കാന്‍ സെര്‍ബിയ അനുവദിച്ചില്ല. ബ്രസീലിന്റെ ഹൈ പ്രസിങ് ഗെയിമിനെ അതേ നാണയത്തില്‍ അവര്‍ നേരിടുകയായിരുന്നു. ഇതോടെ കളി ഇടയ്ക്കു പരുക്കനുമായി മാറി. ഒഴുക്കോടെയുള്ള ഫുട്‌ബോള്‍ കാഴ്ചവയ്ക്കാന്‍ രണ്ടു ടീമിനുമായില്ല. പാതി മുറിഞ്ഞ മുന്നേറ്റങ്ങളാണ് ബ്രസീല്‍, സെര്‍ബിയ ടീമുകളുടെ ഭാഗത്തു നിന്നും കണ്ടത്. ആദ്യ 20 മിനിറ്റിള്‍ ബോള്‍ കൂടുതല്‍ സമയവും മൈതാനമധ്യത്തു തന്നെയായിരുന്നു.
ഗോളിയുടെ പഞ്ച്
13ാം മിനിറ്റില്‍ ബ്രസീലിനാണ കളിയിലെ ആദ്യത്തെ കോര്‍ണര്‍ കിക്ക് ലഭിക്കുന്നത്. സെര്‍ബിയന്‍ ഗോള്‍കീപ്പറുടെ ആദ്യത്തെ സേവും പിന്നാലെ കണ്ടു. ഇടതു മൂലയില്‍ നിന്നുള്ള നെയ്മറുടെ കര്‍വിങ് കോര്‍ണര്‍ കിക്ക് താഴ്ന്നിറങ്ങിയെങ്കിലും ഗോളി മിലിന്‍കോവിച്ച് സാവിച്ച് ചാടിയുയര്‍ന്ന് ബോള്‍ കുത്തിയകറ്റി
21ാം മിനിറ്റില്‍ ബ്രസീലിനായി കസേമിറോ ഒരു ലോങ്്‌റേഞ്ചര്‍ തൊടുത്തെങ്കിലും നേരെ ഗോള്‍കീപ്പറുടെ കൈകളിലേക്കാണ് വന്നത്. അദ്ദേഹം അനായാസം അതു തടുത്തിടുകയും ചെയ്തു. അഞ്ചു മിനിറ്റിനകം സെര്‍ബിയയുടെ കൗണ്ടര്‍ അറ്റാക്ക്. ബ്രസീലിന്റെ പക്കല്‍ നിന്നും നഷ്ടമായ ബോള്‍ ടാഡിച്ച് ബോക്‌സിനകത്തേക്കു മിട്രോവിച്ചിനു ക്രോസ് ചെയ്യുകയായിരുന്നു. എന്നാല്‍ ഗോളി അലിസണ്‍ ചാടിയുയര്‍ന്ന് ബോള്‍ വരുതിയിലാക്കി
സുവര്‍ണാവസരം തുലച്ച് ബ്രസീല്‍
35ാം മിനിറ്റില്‍ ബ്രസീലിനു മുന്നിലെത്താന്‍ ലഭിച്ച സുവര്‍ണാവസരം റഫീഞ്ഞ തുലച്ചത് ആരാധകരെ നിരാശരാക്കി. ലൂക്കാസ് പക്വേറ്റയ്‌ക്കൊപ്പം വണ്‍ ടു വണ്‍ പാസ് കളിച്ച് റഫീഞ്ഞപന്തുമായി ബോക്‌സിനുള്ളില്‍. മുന്നില്‍ സെര്‍ബിയന്‍ ഗോളി മാത്രം. പക്ഷെ ദുര്‍ബലമായ ഒരു വലംകാല്‍ ഷോട്ടാണ് റഫീഞ്ഞ തൊടുത്തത്. അതു ഗോളിയുടെ കൈകളില്‍ കുരുങ്ങുകയും ചെയ്തു.