ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍
ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രാഥമിക ഘട്ടത്തില്‍ തയാറാക്കിയ പിരിച്ചുവിടേണ്ടവരുടെ പട്ടികയില്‍ 85പേരാണ് ഇടം നേടിയത്. ഈ പട്ടികയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ക്രിമിനല്‍ കേസില്‍ പ്രതിയായാലും കോടതി ഉത്തരവുകളുടെ പിന്‍ബലത്തില്‍ ജോലിയില്‍ തിരിച്ച് കയറുന്നതും വകുപ്പ് തല നടപടികള്‍ മാത്രം നേരിട്ട് ഉദ്യോഗക്കയറ്റം നേടുന്നതും പോലീസില്‍ പതിവാണ്. ഇതൊഴിവാക്കാന്‍ സിഐ മുതല്‍ എസ്പിമാര്‍ വരെയുള്ളവരുടെ സര്‍വീസ് ചരിത്രം പോലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കും.
ബലാത്സംഗം, മോഷണം, ലഹരി കേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
ഇടുക്കിയില്‍ മാങ്ങ മോഷ്ടിച്ച പോലീസുകാരനേയും എറണാകുളം റൂറലില്‍ സ്വര്‍ണം മോഷ്ടിച്ച പോലീസുകാരനേയും പിരിച്ചുവിടാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി തുടങ്ങി.