കാനന പാതയിൽ തീർത്ഥാടകർ വലയുന്നു
എരുമേലി :ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ കോട്ടയം ജില്ലയിൽ എരുമേലിയിൽ നിന്നുള്ള പരമ്പരാഗത കാനന പാതയിൽ വൈകുന്നേരം നാല് മണി വരെയാണ് യാത്ര ചെയ്യാൻ അനുമതി. അതേസമയം ഈ പാത ആറ് കിലോമീറ്റർ പിന്നിട്ട് ഇടുക്കി ജില്ലയുടെ ഭാഗം എത്തുമ്പോൾ അവിടുത്തെ പ്രവേശന സമയം ഉച്ചക്ക് 12 മണി വരെ. ഇടുക്കി ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് ആണ് ഉച്ചക്ക് 12 മണി വരെ അനുമതി. അതേസമയം കോട്ടയം ജില്ലാ കളക്ടർ എരുമേലിയിൽ നടത്തിയ ശബരിമല മുന്നൊരുക്ക യോഗ തീരുമാനപ്രകാരം പ്രവേശന സമയം വൈകുന്നേരം നാല് മണി വരെയാണ്. സമയം തീരുമാനിച്ചതിലെ ഈ പൊരുത്തക്കേട് മൂലം വലയുകയാണ് അയ്യപ്പഭക്തർ. കഴിഞ്ഞ രണ്ട് ദിവസമായി ഭക്തരെ ഉച്ചക്ക് ശേഷം അഴുതയിൽ നിന്ന് കടത്തിവിടാതെ വനപാലകർ പാത അടച്ചിടുന്നത് മൂലം വാക്കേറ്റവും സംഘർഷവുമുണ്ടാവുകയാണ്. ഉച്ചക്ക് മുതൽ വൈകുന്നേരം നാല് മണി വരെ അഴുതയിൽ എത്തുന്ന നൂറുകണക്കിന് ഭക്തരാണ് തടയപ്പെടുന്നത്. സംഭവത്തിൽ വിവിധ സംഘടനകൾ ഇടപെട്ടതോടെ വിഷയം വൈകാരിക രോഷത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. അതേസമയം ഇടുക്കി ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പ്രവേശന സമയം ഉച്ചക്ക് 12 വരെ എന്ന് നിർദേശിച്ചിരിക്കുന്നത് ഇടുക്കി ജില്ലയിലെ ദൂരമേറിയ കാനന പാത സംബന്ധിച്ച് ആണെന്ന് പറയുന്നു. എന്നാൽ ഇക്കാര്യം ഉത്തരവിൽ വ്യക്തത വരുത്തിയിട്ടില്ല. കോട്ടയം ജില്ലയിലെ കോയിക്കക്കാവ് മുതൽ അഴുത വരെ വൈകുന്നേരം നാല് മണിയോടെ ഭക്തരെ കടത്തി വിടില്ല. അതേസമയം അഴുത മുതൽ ഇടുക്കി, പത്തനംതിട്ട ജില്ലാ പരിധിയിലൂടെ ആണ് പാത കടന്നു പോകുന്നത്. വന്യ മൃഗ സാന്നിധ്യം മുൻനിർത്തി ആണ് പ്രവേശന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ എകോപനമില്ലാതെ സമയം നിശ്ചയിച്ചത് മൂലം സംഘർഷ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണെന്നും അടിയന്തിരമായി സർക്കാർ ഇടപെട്ട് പരിഹാരം സ്വീകരിക്കണമെന്നും ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്