പമ്പാവാലി-ഏയ്ഞ്ചൽവാലി പട്ടയവിതരണം ജനുവരിയിൽ ആരംഭിക്കും: മന്ത്രി
പമ്പാവാലി-ഏയ്ഞ്ചൽവാലി പട്ടയവിതരണം
ജനുവരിയിൽ ആരംഭിക്കും: മന്ത്രി അഡ്വ. കെ. രാജൻ
കോട്ടയം: പമ്പാവാലി-ഏയ്ഞ്ചൽവാലി മേഖലയിലെ പട്ടയങ്ങളുടെ ആദ്യഘട്ട വിതരണം ജനുവരിയിൽ ആരംഭിക്കുമെന്നു റവന്യൂ- ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ. ആനിക്കാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പമ്പാവാലി-ഏയ്ഞ്ചൽവാലി പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് പട്ടയം ലഭിക്കുകയെന്നത്. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഒരു വർഷം കൊണ്ട് സംസ്ഥാനത്ത് 54,535 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാൻ സർക്കാരിനു കഴിഞ്ഞു.
എല്ലാ മൂന്നാമത്തെ വെള്ളിയായ്ചയും മൂന്നുമണിക്ക് വില്ലേജ് ഓഫീസുകളിൽ വില്ലേജ്തല ജനകീയ സമിതി കൂടണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എം.എൽ.എ. അല്ലെങ്കിൽ പ്രതിനിധി, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ-ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തത്തോടെ വില്ലേജുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജനാധിപത്യപരമായി ചർച്ച ചെയ്യാനുള്ള വേദിയാണിത്.
1966 ആരംഭിച്ച റീസർവേ പ്രവർത്തനങ്ങൾ 911 വില്ലേജുകളിൽ പരമ്പരാഗത രീതിയിൽ നടന്നിരുന്നു. 91 സ്ഥലങ്ങളിൽ ഇ.ടി.എസ്. മെഷീൻ ഉപയോഗിച്ച് ഡിജിറ്റൽ റിസർവേ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. 25 സ്ഥലങ്ങളിൽ നടക്കുന്നു. 1550 വില്ലേജുകളിൽ സമഗ്രമായ ഡിജിറ്റൽ ഭൂരേഖ തയാറാക്കുകയാണ്.
ഒരു വർഷത്തിനുള്ളിൽ വില്ലേജ് തലം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള എല്ലാ റവന്യൂ ഓഫീസുകളും ഡിജിറ്റലൈസ്ഡാകുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷനായി.