താന്‍ പ്രേക്ഷകരെക്കുറിച്ചല്ല പറഞ്ഞത്, ഉദ്ദേശിച്ചത് നിരൂപകരെ’; വിശദീകരണവുമായി അഞ്ജലി മോനോന്‍
സിനിമയെക്കുറിച്ച് അഭിപ്രായം പറയാന്‍ സിനിമ എന്തെന്നു പഠിക്കണമെന്ന സംവിധായിക അഞ്ജലി മേനോന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി. താന്‍ പ്രേക്ഷകരെക്കുറിച്ചല്ല പ്രൊഫഷണല്‍ സിനിമാ നിരൂപണകരെക്കുറിച്ചാണ് പറഞ്ഞത് എന്നാണ് വ്യക്തമാക്കിയത്.
സിമയെക്കുറിച്ച് നല്ലതോ ചീത്തയോ ആയ അഭിപ്രായം പ്രകടിപ്പിക്കാന്‍ പ്രേക്ഷകര്‍ക്ക് അവകാശമുണ്ട്. പ്രഫഷനലായി സിനിമാ റിവ്യൂ എഴുതുന്നവര്‍ക്കു സിനിമയെക്കുറിച്ചു നല്ല ധാരണയുണ്ടെങ്കില്‍ അത് നിരൂപണത്തെ സഹായിക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ അഞ്ജലി മേനോന്‍ പറഞ്ഞു.
”ആ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞത് ഫിലിം മേക്കിങ്ങിനെക്കുറിച്ചു നല്ല ധാരണയുണ്ടെങ്കില്‍ അത് പ്രഫഷനലായി ചലച്ചിത്ര നിരൂപണത്തെ എത്രമാത്രം സഹായിക്കും എന്നാണ്. അതിനുള്ള മികച്ച ഉദാഹരണമാണ് വര്‍ഷങ്ങളായി പ്രഫഷനലായി സിനിമാ നിരൂപണമെഴുതുന്ന ഫിലിം ജേണലിസ്റ്റ് ഉദയ താര മാഡം എന്നും ഞാന്‍ പറഞ്ഞു. പ്രേക്ഷകര്‍ തന്നെ വളരെ രസകരമായി വിശദമായ നിരൂപണങ്ങള്‍ എഴുതുന്ന സമയമാണിത്, അതിനാല്‍ പ്രഫഷനല്‍ സിനിമാ നിരൂപകര്‍ അതിലും ഉയരത്തില്‍ ലക്ഷ്യമിടണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പ്രേക്ഷകരുടെ നല്ലതോ ചീത്തയോ ആയ അഭിപ്രായങ്ങളെയും അവലോകനങ്ങളെയും ഞാന്‍ എല്ലായ്പ്പോഴും മാനിക്കുന്നു. ഒരു സിനിമ കാണാനും അഭിപ്രായം പ്രകടിപ്പിക്കാനും പ്രേക്ഷകര്‍ക്ക് എല്ലാ അവകാശവും ഉണ്ടെന്നും പ്രേക്ഷകരില്‍ നിന്നുള്ള അവലോകനങ്ങള്‍ക്കായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ടെന്നും ഈ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അഭിമുഖത്തില്‍ ഞാന്‍ പരാമര്‍ശിച്ച കാര്യങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഞാന്‍ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത് .”- അഞ്ജലി മേനോന്‍ കുറിച്ചു.