തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാര്‍ഥിയെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചറെ അറസ്റ്റ് ചെയ്തു
മണ്ണുത്തി: തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാര്‍ഥിയെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചറെ അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണുത്തിയിലാണ് സംഭവം. വിദ്യാര്‍ഥി മാനസികപ്രശ്‌നങ്ങള്‍ കാണിച്ചപ്പോള്‍ വീട്ടുകാര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗണ്‍സിലറോടാണ് വിദ്യാര്‍ഥി കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്.
അധ്യാപകിയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.
അധ്യാപിക നേരത്തെ ഫിറ്റ്‌നസ് സെന്ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. അതേസമയം പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേരുവിവരങ്ങള്‍ പുറത്തു വന്നാല്‍ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികള്‍ മാനസിക വിഷമം നേരിടേണ്ടി വരും. അതുകൊണ്ട് യാതൊരു കാരണവശാലും പ്രതിയുടെ പേരോ സ്ഥലമോ അടക്കം ഒരു വിവരങ്ങളും വെളിപ്പെടുത്തരുതെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം.
അതേസമയം മലപ്പുറം ജില്ലയിലെ വാഴക്കാട് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴയൂര്‍ ആക്കോട് സ്വദേശി നസീറിനെ ആണ് പൊലീസ് പിടികൂടിയത്.എന്‍എസ്എസ് പരിപാടിക്കെന്ന വ്യാജേന വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് നടപടി. കേസെടുത്തതോടെ ഒളിവിലായിരുന്ന അധ്യാപകനെ ഇന്ന് ഉച്ചയോടെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.