യു.ഡി.എഫ് പ്രതിഷേധ സംഗമം നവംബർ 7 ന് കോട്ടയത്ത്
ഇടതുദുർഭരണത്തിനെതിരെ താക്കീതു നൽകാൻ യു.ഡി.എഫ് പ്രതിഷേധ സംഗമം നവംബർ 7 ന് കോട്ടയത്ത്
കോട്ടയം: ഇടതുമുന്നണി സർക്കാരിന്റെ ദുർഭരണത്തിനെതിരേ താക്കീത് നൽകാൻ യു.ഡി.എഫ്. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ നവംബർ ഏഴിന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ 7 തിങ്കൾ 3 പി എം ന് ചേരുന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്ക ടമ്പിൽ അധ്യക്ഷത വഹിക്കും.
കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൊടിക്കുന്നിൽ സുരേഷ് എം പി, ആന്റോ ആന്റണി എം പി, അനൂപ് ജേക്കബ് എം എൽ എ, മോൻസ് ജോസഫ് എം എൽ എ ,മാണി സി. കാപ്പൻ എം എൽ എ, മുൻ മന്ത്രി കെ.സി. ജോസഫ്, മുൻ എം പി ജോയി എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.
അരി ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക, കേരളത്തിലെ കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ല് സംഭരിക്കാൻ സർക്കാർ സംവിധാനം ഒരുക്കുക. യു ഡി എഫ് സർക്കാർ തുടക്കം കുറിച്ച റബർ വിലസ്ഥിരതാ ഫണ്ട് കർഷകർക്ക് പുനസ്ഥാപിച്ച് കൊടുക്കുക, ബാറും ബിവറേജസും യഥേഷ്ടം അനുവദിച്ച് നൽകിയ ശേഷം ഖജനാവിലെ പണം ചിലവഴിച്ച് സർക്കാർ നടത്തുന്ന പ്രഹസന ലഹരി വിരുദ്ധ ക്യാംപയിനിലെ തട്ടിപ്പ് തുറന്നു കാട്ടുന്നതിനും, ഒന്നാം പിണറായി സർക്കാർ കോവിഡിന്റെ മറവിൽ നടത്തിയ അഴിമതികൾ തുറന്നു കാട്ടാനും, യുഡിഎഫ് സർക്കാരിന്റെ കാലത്ത് സരിത എന്ന വിവാദ വനിത ഉന്നയിച്ച് വ്യാജ ആരോപണങ്ങളുടെ പേരിൽ നേതാക്കൾക്കെതിരെ കള്ള കേസ് എടുക്കുകയും, സ്വപ്ന സുരേഷ് എന്ന എൽഡിഎഫ് മന്ത്രിമാരുടെ മുൻ സഹയാത്രിയായിരുന്ന വനിത രേഖാമൂലം CPM നേതാക്കൾക്കെതിരെ നൽകിയ പരാതി കണ്ടില്ല എന്ന് നടിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിന്റെ ഇരട്ട നയം തുറന്ന് കാട്ടുന്നതിനുള്ള ക്യാമ്പയിന്റെയും, സർക്കാരി നെതിരെയുള്ള സമരപ്രഖ്യാപനത്തിന്റെയും തുടക്കമായി പ്രതിഷേധ സംഗമം മാറുമെന്നും യു ഡി എഫ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സജി മഞ്ഞക്കടമ്പിൽ, അഡ്വ.ഫിൽസൺ മാത്യൂസ്,ടോമി ജോസഫ്,സാജു എം ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു