കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലും യാർഡും ഉദ്ഘാടനം ചെയ്തു
കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ സ്വകാര്യ പങ്കാളിത്തത്തോടെ 32 കോടി രൂപയുടെ ബസ് ടെർമിനലും ഷോപ്പിംഗ് കോംപ്ലക്സുമടക്കമുള്ള ബൃഹദ് പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആൻ്റണി രാജു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.81 കോടി രൂപ ചെലവിൽ നിർമ്മിച്ച കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലും യാർഡും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
4.5 ഏക്കർ സ്ഥലം കോട്ടയം സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി.ക്കുണ്ട്. ഇവിടെ ബി.ഒ.ടി. അടിസ്ഥാനത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ വിപുലമായ പദ്ധതി നടപ്പാക്കുന്നതു പരിഗണനയിലുണ്ട്. ശബരിമല തീർത്ഥാടന കാലത്ത് കോട്ടയത്തുനിന്ന് കൂടുതൽ ബസുകൾ സർവീസ് നടത്തും. നിലവിലുള്ള മറ്റു സർവീസുകൾ കുറയ്ക്കാതെ തന്നെ ഇത്തവണ കൂടുതൽ ശബരിമല സർവീസ് നടത്തും. ഇന്ധന വില വർധന കെ.എസ്.ആർ.ടി.സി.യുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ കെ.എസ്.ആർ.ടി.സി. ലാഭത്തിയേനെ. ശമ്പളമടക്കം നൽകുന്നതിന് 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി – സ്വകാര്യ ബസ് സ്റ്റാൻഡുകൾ നാഗമ്പടത്തേക്ക് മാറ്റി വിപുല സൗകര്യങ്ങളൊരുക്കി ജനങ്ങളുടെ ട്രെയിൻ – ബസ് ഗതാഗത സാധ്യതകൾ വിപുലപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കണമെന്ന് മുഖ്യാതിഥിയായ സഹകരണ-സംസ്കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എം.എൽ.എ. ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വിശിഷ്ടാഥിതിയായി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം എൻ. ജയചന്ദ്രൻ, കെ.എസ്.ആർ.ടി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. സെബി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ നാട്ടകം സുരേഷ്, എ.വി. റസൽ, വി.ബി. ബിനു, അസീസ് ബഡായി, ലിജിൻ ലാൽ, സജി മഞ്ഞക്കടമ്പിൽ, അഡ്വ. ഫിൽസൺ മാത്യൂസ്, കെ.വി. ഭാസി, റ്റി.സി. അരുൺ, പി.എസ്. ജയിംസ്, കാപ്പിൽ തുളസീദാസ്, സെബാസ്റ്റ്യൻ മുതലക്കുഴി, മാത്യൂസ് ജോർജ്, രാജീവ് നെല്ലിക്കുന്നേൽ, പോൾസൺ പീറ്റർ, ബെന്നി മൈലാട്, ജോർജ്ജ് മാത്യു, സാൽവിൻ കൊടിയന്ത്ര, ജീവനക്കാരുടെ സംഘടന പ്രതിനിധികളായ ആർ. ഹരിദാസ്, ആർ. പ്രദീപ് കുമാർ, എൻ.കെ. സുധീഷ് കുമാർ, ഡി.ടി.ഒ. കെ. അജി എന്നിവർ പ്രസംഗിച്ചു.