കോട്ടയത്ത് ഗുണ്ടാസംഘാംഗങ്ങളായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ
കോട്ടയം: കോട്ടയത്ത് ഗുണ്ടാസംഘാംഗങ്ങളായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. ആർപ്പൂക്കര കരിപ്പയിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ പതിനഞ്ച് യുവാക്കളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ രണ്ടു കൂട്ടർക്കും എതിരെ ഗുരുതരമായ വകുപ്പുകൾ സഹിതം പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിയോടെയാണ് ആർപ്പൂക്കര കരിപ്പയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അക്രമത്തിൽ ഉൾപ്പെട്ട യുവാക്കൾക്കെല്ലാം 18 മുതൽ 22 വയസ് വരെയാണ് പ്രായം. തുടർന്നു നാട്ടുകാരും, ആശുപത്രി അധികൃതരും വിവരം അറിയിച്ചതോടെയാണ് ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തിയത്. തുടർന്നു അക്രമി സംഘത്തിനെതിരെ കേസെടുത്തു. ഗാന്ധിനഗറിൽ പൊലീസ് സംഘം ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി തുടരുകയാണ്. ഇതിന്റെ ഭാഗമായി ഗുണ്ടാ സംഘങ്ങളെ എല്ലാം കാപ്പ അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചിട്ടുണ്ട്.