കാഞ്ഞിരപ്പള്ളി ബൈപാസ് നടപടി വീണ്ടും ഇഴയുന്നു
കാഞ്ഞിരപ്പള്ളി ബൈപ്പാസ് കരാർ വൈകുന്നു കാഞ്ഞിരപ്പള്ളി: വാനോളം പ്രതീക്ഷകൾ നൽകിയ ശേഷം കാഞ്ഞിരപ്പള്ളി ബൈപാസ് നടപടി വീണ്ടും ഇഴയുന്നു. ബൈപാസ് പദ്ധതിയുടെ ടെന്‍ഡർ വിളിച്ചെങ്കിലും കരാർ വൈകുന്നതാണ് പ്രധാന കാരണം. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പറേഷന് ഓഫ് കേരള ബൈപാസ് നിര്‍മാണത്തിന് ഓഗസ്റ്റില്‍ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഇതുവരെ കരാറായില്ല. കരാര്‍ ഏറ്റെടുക്കുന്നതിനു തയാറായ പ്രീ ക്വാളിഫിക്കേഷനുള്ള കരാറുകാര്‍ ക്വട്ടേഷന്‍ നല്കുന്നതിനു മുന്നോടിയായി പദ്ധതി പ്രദേശംകണ്ട് എസ്റ്റിമേറ്റ് കണക്കാക്കാന്‍ സാവകാശം ആവശ്യപ്പെട്ടതാണ് നടപടി വൈകാന്‍ കാരണം. ഇതു രണ്ടാം തവണയാണ് കരാറുകാരുടെ ആവശ്യപ്രകാരം സാവകാശം നീട്ടി നല്‍കുന്നത്.
20 കോടി എസ്റ്റിമേറ്റ്
ആദ്യം ആവശ്യപ്പെട്ട പ്രകാരം കഴിഞ്ഞ 10 വരെ സാവകാശം നല്‍കിയിരുന്നു. പിന്നീട് വീണ്ടും ആവശ്യപ്പെട്ടത് അനുസരിച്ച് 27 വരെ ദീര്‍ഘിപ്പിച്ചു. പ്രീ ക്വാളിഫിക്കേഷനുള്ള രണ്ടു കരാറുകാറെങ്കിലും ക്വട്ടേഷന്‍ നല്കിയാല് 29ന് ടെന്‍ഡര്‍ തുറക്കും. ഒരു വ്യാഴവട്ടക്കാലം മുന്‍പ് തുടക്കമിട്ട പദ്ധതിക്ക് ഉണ്ടായ തടസങ്ങളെല്ലാം തരണം ചെയ്തു കരാര്‍ നടപടികളില്‍ വരെ എത്തി നില്‍ക്കുകയാണ്. നിര്‍മാണ ഏജന്‍സിയായ റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോര്പ്പറേഷന് ഓഫ് കേരളയാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.
പുതുക്കിയ എസ്റ്റിമേറ്റ് തുക 20.65 കോടി രൂപയും നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി 18 മാസവുമാണ്. പദ്ധതിക്ക് ആവശ്യമായ മൂന്ന് ഹെക്ടര്‍ 49 ആര് 84 ചതുരശ്ര മീറ്റര്‍ (എട്ട് ഏക്കര്‍ 42.8 സെന്റ് ) സ്ഥലം 24.76 കോടി രൂപ നല്‍കിയാണ് ഏറ്റെടുത്തത്.