കോട്ടയം കാഞ്ഞിരപ്പള്ളിയിലെ പൊലീസുകാരന്റെ മാങ്ങാ മോഷണക്കേസ് ഒത്തു തീർപ്പിലേയ്ക്ക്
കോട്ടയം കാഞ്ഞിരപ്പള്ളിയിലെ പൊലീസുകാരന്റെ മാങ്ങാ മോഷണക്കേസ് ഒത്തു തീർപ്പിലേയ്ക്ക്; മോഷണക്കേസിൽ പരാതിയില്ലെന്ന് കട ഉടമ കോടതിയിൽ; കേസ് പിൻവലിക്കണമെന്നും ആവശ്യം; എതിർപ്പുമായി പൊലീസ്
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോഷണക്കേസിൽ കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി പരാതിക്കാരനായ കടയുടമ കോടതിയിൽ. വ്യക്തിപരമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കടയുടമ കോടതിയെ സമീപിച്ചത്. എന്നാൽ, കേസിൽ നിന്നും പിന്നോട്ടില്ലെന്നും മാതൃകാപരമായ സമീപനം തന്നെ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കട ഉടമയുടെ അപേക്ഷയിൽ പൊലീസ് എതിർവാദം സമർപ്പിക്കുകയും ചെയ്തു. ഇതോടെ കേസ് തീർപ്പാക്കുന്നതിന് അടുത്ത ദിവസത്തേയ്ക്കു മാറ്റി വച്ചു. കേസ് കാഞ്ഞിരപ്പള്ളി കോടതിയിൽ തീർപ്പായില്ലെങ്കിൽ, എഫ്ഐആർ ക്വാഷ് ചെയ്യുന്നതിനായി കട ഉടമ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡ്യൂട്ടിയ്ക്കു ശേഷം മടങ്ങുന്നതിനിടെ ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ പി.ബി ഷിഹാബിനെതിരെയാണ് മാങ്ങാ മോഷണക്കേസിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറുനൂറ് രൂപ വില വരുന്ന പത്ത് കിലോ മാങ്ങാ മോഷ്ടിച്ചതായാണ് പൊലീസ് കേസ്. സംഭവത്തിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ പൊലീസ് പ്രതിയ്ക്കെതിരെ കേസെടുത്തിരുന്നു.
രണ്ടാഴ്ചയിലേറെയായി ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിയിട്ടും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. ഇതേ തുടർന്നാണ് ഇയാൾ ഒത്തു തീർപ്പ് ശ്രമം ആരംഭിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഈ പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടവർ മാങ്ങാ മോഷണം പോയ കടയുടമയെ ബന്ധപ്പെടുകയും ഒത്തു തീർപ്പിന് നീക്കം നടത്തുകയുമായിരുന്നു. തുടർന്നാണ് ഇയാൾ കേസിൽ പരാതിയില്ലെന്ന് കോടതിയിൽ അപേക്ഷ നൽകിയത്. കേസ് ക്വാഷ് ചെയ്യണമെന്ന ആവശ്യവുമായി കട ഉടമ കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കേസിൽ കോടതി പൊലീസ് വാദം കേട്ടത്.
എന്നാൽ, പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കുറ്റകൃത്യമായതിനാൽ തന്നെ കേസ് ഒഴിവാക്കാനാവില്ലെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് നിലപാട് സ്വീകരിച്ചു. ഇതേ തുടർന്ന് പൊലീസിന്റെയും കട ഉടമയുടെയും വാദം കേൾക്കുന്നതിനായി കേസ് മാറ്റി വച്ചു. എന്നാൽ, മജിസ്ട്രേറ്റ് കോടതിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ഉയർന്ന കോടതിയിലും, ഹൈക്കോടതിയിലും സമീപിക്കുമെന്ന സൂചനയാണ് കട ഉടമ നൽകുന്നത്.