എ.എസ്.ഐ.യെയും കോടതി ജീവനക്കാരെയും ആക്രമിച്ച് രക്ഷപെട്ട പ്രതിയെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു
പൊൻകുന്നം: ചെക്കുകേസിൽ വാറന്റുമായി കസ്റ്റഡിയിലെടുക്കാൻ ചെന്ന എ.എസ്.ഐ.യെയും കോടതി ജീവനക്കാരെയും ആക്രമിച്ച് രക്ഷപെട്ട പ്രതിയെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് മണ്ണംപ്ലാവ് ഓരുകോണൽ മാഹിൻ ജബ്ബാർ(38) ആണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ പൊൻകുന്നം സ്റ്റേഷനിലെ എ.എസ്.ഐ. ആർ.അജിത്കുമാർ(46) കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
കോട്ടയം സബ്കോടതിയിലെ ഒരു ചെക്കുകേസിൽ പ്രതിയായ ഇയാൾ സമൻസ് ലഭിച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി നിർദേശപ്രകാരം ആമീൻ, വാറന്റ് എക്സിക്യൂഷൻ കമ്മീഷൻ എന്നിവർ കസ്റ്റഡിയിലെടുക്കാൻ എത്തിയതാണ്. പൊൻകുന്നം പോലീസിൽ അറിയിച്ച് എ.എസ്.ഐ.യും കൂടെയെത്തി. വീട്ടിലെത്തി കാര്യങ്ങൾ അറിയിച്ചപ്പോൾ ഇയാൾ പോലീസും കോടതി ജീവനക്കാരുമെത്തിയ സ്വകാര്യവാഹനത്തിനടുത്ത് എത്തിയ ഉടൻ ഇവരെ ആക്രമിച്ച് രക്ഷപെടുകയായിരുന്നു. വീണ് കാലിനും കൈയ്ക്കുമാണ് എ.എസ്.ഐ.ക്ക് പരിക്കേറ്റത്. പിന്നീട് പ്രതിയെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തുവെച്ച് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കികിയ പ്രതിയെ റിമാൻഡ് ചെയ്തു..