പാറമടയിൽ നിന്നു പുറത്തിറങ്ങിയ ടോറസ് ലോറികളുടെ ടയറുകൾ അള്ളു വച്ച് പഞ്ചറാക്കിയ കേസിൽ നാലു പേരെ പൊലീസ് പിടികൂടി
കോട്ടയം: പള്ളിക്കത്തോട് ഇളമ്പള്ളിയിൽ പാറമടയിൽ നിന്നു പുറത്തിറങ്ങിയ ടോറസ് ലോറികളുടെ ടയറുകൾ അള്ളു വച്ച് പഞ്ചറാക്കിയ കേസിൽ നാലു പേരെ പൊലീസ് പിടികൂടി. പ്രദേശ വാസികളായ നാലു യുവാക്കളെ പള്ളിക്കത്തോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിക്കത്തോട് പ്രവർത്തിക്കുന്ന റോ ഫീൽഡ് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പാറമടയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഈ പാറമടയിൽ പിരിവ് ചോദിച്ച് നാലു യുവാക്കൾ എത്തിയതായി പാറ മട അധികൃതർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇവിടെ എത്തിയ ഇവർ പണം നൽകാതിരുന്നതിനെ തുടർന്നു പാറ മട ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ അടക്കം ലൈൻസോടെ പ്രവർത്തിക്കുന്ന പാറ മടയ്ക്ക് എതിരെ പരാതി നൽകും എന്നതടക്കമുള്ള ഭീഷണി മുഴക്കിയാണ് യുവാക്കൾ സ്ഥലത്ത് എത്തിയതെന്നു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, ഭീഷണിയ്ക്കു വഴങ്ങാതിരുന്ന അധികൃതർ ഇവരെ മടക്കി അയച്ചു. എന്നാൽ, ഇതിനു ശേഷം പോയ യുവാക്കൾ തടിയിൽ മൂർച്ചയേറിയ ആണി തറച്ച് റോഡിൽ ഇടുകയായിരുന്നു. ഈ ആണിയിൽ കയറി രണ്ടു ടോറസ് ലോറികളുടെ ടയറുകൾ തകരാറിലായി. ഇതേ തുടർന്നാണ് പാറമട അധികൃതർ പൊലീസിൽ പരാതി നൽകിയത്.