വാഗ്ദാനങ്ങൾ നൽകി ജയരാജ് എം എൽ എ ജനങ്ങളെ വഞ്ചിക്കുന്നു: സജി മഞ്ഞക്കടമ്പിൽ
വാഗ്ദാനങ്ങൾ നൽകി ജയരാജ് എം എൽ എ ജനങ്ങളെ വഞ്ചിക്കുന്നു: സജി മഞ്ഞക്കടമ്പിൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ വികസന മുരടിപ്പ് അവസാനിപ്പിക്കാൻ ഗവൺമെൻറ് ചീഫ് വിപ്പ് ജയരാജ് ആത്മാർത്ഥ കാട്ടണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളി – വാളക്കയം -മണിമല റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ വർഷങ്ങളായി കിടന്നിട്ടും പ്രഖ്യാപനങ്ങൾ അല്ലാതെ റോഡിന്റെ നിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡിൽ വാഴനട്ടും, കുഴികളിൽ മീൻ കൃഷി ഇറക്കിയുമുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേജർ മണിമല കുടിവെള്ള പദ്ധതിയും, കാഞ്ഞിരപ്പള്ളി ബൈപ്പാസും ഇപ്പോഴും യാഥാർത്ഥ്യമാക്കാത്ത ജയരാജ് ജനങ്ങളെ പ്രഖ്യാപനങ്ങളിലൂടെ വഞ്ചിക്കുകയാണെന്നും സജി കൂട്ടിച്ചേർത്തു.
ഈ പ്രഖ്യാപന വഞ്ചന തുടർന്നാൽ ജയരാജന്റെ വസതിയിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നു സജി പറഞ്ഞു.
കേരള കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ലാജി മാടത്താനിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം ,ജില്ലാ വൈസ് പ്രസിഡണ്ട് ബാലുജി വെള്ളിക്കര, നേതാക്കളായ സാവിയോ പാമ്പൂരി, ജോസ് പാലാപ്പള്ളി, ജോർജ്കുട്ടി പൂതക്കുഴി, രഞ്ജിത്ത് ചുക്കറാനിക്കൽ , അഭിലാഷ് ചൂഴികുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു.