പമ്പാവാലിയിലെ പട്ടയ നടപടികൾക്ക് തുടക്കം കുറിക്കുവാൻ ഗുണഭോക്താക്കളുടെ യോഗം ചേർന്നു
കണമല : പമ്പാവാലിയിലെ പട്ടയ നടപടികൾക്ക് തുടക്കം കുറിക്കുവാൻ ഗുണഭോക്താക്കളുടെ യോഗം ചേർന്നു എയ്ഞ്ചൽവാലിയിൽ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിലാണ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ യോഗം ചേർന്നത്.
മുമ്പ് പട്ടയം നൽകുകയും പിന്നീട് അതെല്ലാം അസാധു ആകേണ്ടി വന്ന സാഹചര്യം യോഗത്തിൽ വിശദീകരിച്ചു.
യോഗത്തിൽ കർഷകരുടെ വ്യക്തിഗത കൈവശ ഭൂമി ഇനി ആദ്യം അളന്ന് തിട്ടപ്പെടുത്തി നിർണയിക്കുവാനും ഇതിനായി പ്രത്യേക സർവേ ടീമിനെ നിയോഗിക്കുവാനും തീരുമാനിച്ചു.
നിലവിൽ ആദ്യ ഘട്ടമായി 465.89 ഹെക്ടർ സ്ഥലം ആണ് അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇനി കർഷകരുടെ ഭൂമി പ്രത്യേകമായി അളന്ന് നിർണയിക്കുന്നതോടെ സർവേ നടപടികൾ പൂർത്തിയാകും.
തീരുമാന പ്രകാരം എല്ലാവരും അവരവരുടെ സ്വന്തം ഭൂമിയുടെ കൈവശ രേഖകളെല്ലാം തയ്യാറാക്കി സർവേ സംഘത്തിന് നൽകണം. സ്വന്തം ഭൂമിയുടെ അതിരുകൾ തെളിച്ച് വെയ്ക്കണം. ഓരോ കൈവശക്കാരുടെയും അധീനതയിലുള്ള ഭൂമി സർവേ ടീം കൃത്യമായി അളന്നു തിരിച്ച് അതിരുകൾ തിട്ടപ്പെടുത്തും. തുടർന്ന് രേഖകൾ പരിശോധിച്ച് ഓരോരുത്തരുടെയും ഉടമസ്ഥാവകാശം നിശ്ചയിക്കും. അതിർത്തി തർക്കങ്ങളും, അവകാശ തർക്കങ്ങളും ഉണ്ടെങ്കിൽ ഇവ പരിഹരിച്ച് കൃത്യത വരുത്തി ഓരോരുത്തരുടെയും ഭൂമിയുടെ വിസ്തീർണവും ഉടമസ്ഥാവകാശവും നിശ്ചയിച്ച് രേഖപ്പെടുത്തി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുവാനും യോഗത്തിൽ തീരുമാനമായി,സർവേ പൂർത്തിയാക്കി ജില്ലാ കളക്ടർക്ക് സമഗ്രമായ റിപ്പോർട്ട് ലഭിച്ച ശേഷം പരിശോധന നടത്തി നടപടികൾ സാധുവാണെന്ന് ഉറപ്പാക്കും. ഇതിന് ശേഷം റിപ്പോർട്ട് സർക്കാരിനും റവന്യു വകുപ്പിനും ബന്ധപ്പെട്ട വകുപ്പുകൾക്കും കൈമാറി ആവശ്യമായ അന്തിമ അനുമതിയും നിയമപരമായ അനുമതിയും നേടും. തുടർന്ന് പട്ടയമേള നടത്തി പട്ടയങ്ങൾ വിതരണം ചെയ്യും. ഉപാധികൾ ഇല്ലാത്ത സ്വതന്ത്ര പട്ടയങ്ങളാണ് നൽകുക. നാല് ഏക്കർ ഭൂമിക്ക് വരെയേ ഒരാൾക്ക് പട്ടയം നൽകൂ.
യോഗത്തിൽ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാഗി ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, പഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ് , മറിയാമ്മ സണ്ണി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, ലാൻഡ് റിഫോംസ് ഡെപ്യൂട്ടി കളക്ടർ ഫ്രാൻസിസ് സാവിയോ, റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടർ എസ്. വിനോദ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകുട്ടി, ഭൂരേഖാ തഹസിൽദാർ ഗോപകുമാർ, എരുമേലി തെക്ക് വില്ലേജ് ഓഫീസർ വർഗീസ് ജോസഫ്, ജനകീയ സമിതി ഭാരവാഹികളായ ലിൻസ് വടക്കേൽ, കുരുവിള ആന്റണി തുടങ്ങിയവർ പങ്കെടുത്തു.