ദര്‍ശനപുണ്യമേകി മണര്‍കാട് നടതുറന്നു
ദര്‍ശനപുണ്യമേകി മണര്‍കാട് നടതുറന്നു
മണര്‍കാട്: ആഗോള മരിയന്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കോട്ടയം മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശ്വാസിസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി നടതുറന്നു. എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ ചടങ്ങാണ് നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവന്റെയും ഛായാചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍ ശുശ്രൂഷ.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മ്മികത്വം വഹിച്ചു. അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം, വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ് ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പാ കറുകയില്‍, ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. ജെ. മാത്യു മണവത്ത്, ഫാ. എം.ഐ. മറ്റത്തില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
പള്ളിയിലും പരിസരത്തും തിങ്ങിനിറഞ്ഞ വിശ്വാസികളുടെ കണ്ഠങ്ങളില്‍നിന്ന് ഇടതടവില്ലാതെ പരിശുദ്ധ അമ്മേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണേ…. എന്ന് സ്വരം ഉയര്‍ന്നുകൊണ്ടിരുന്നു. മധ്യാഹ്ന പ്രാര്‍ഥന വേളയിലായിരുന്നു നടതുറക്കല്‍ ശുശ്രൂഷ. വിശ്വാസപ്രമാണത്തിനുശേഷം വിശുദ്ധ ദൈവമാതാവിന്റെ കുക്കിലിയോന്‍ ചൊല്ലി മദ്ബഹായുടെ മറ നീക്കിയപ്പോള്‍ ദര്‍ശനപുണ്യത്തിനായി പ്രാര്‍ഥനയോടെ കാത്തുനിന്ന വിശ്വാസികള്‍ അമ്മേ…. എന്റെ അമ്മേ… എന്ന ശബ്ദം മാത്രമാതിരുന്നു പള്ളിയിലും പരിസരത്തും മുഴങ്ങി കേട്ടത്.
കറിനേര്‍ച്ച തയാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര വിശ്വാസികള്‍ ആഘോഷമാക്കി. രാത്രി കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും പാരമ്പര്യതനിമ ചോരാതെ മാര്‍ഗംകളിയും പരിചമുട്ടുകളിയും കത്തീഡ്രല്‍ അങ്കണത്തില്‍ അരങ്ങേറി. തുടര്‍ന്ന് വെടിക്കെട്ട്, നേര്‍ച്ച വിളമ്പ് എന്നിവയും നടന്നും. ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രദക്ഷിണവും നേര്‍ച്ച വിളമ്പോടെയും പെരുന്നാള്‍ സമാപിക്കും. ശ്ലീബാ പെരുന്നാള്‍ ദിനമായ 14നു സന്ധ്യാപ്രാര്‍ഥനയോടെ നട അടയ്ക്കും.