അമ്പതോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

അമ്പതോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.
സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലായി അമ്പതോളം കേസുകളിൽ പ്രതിയായ തിരുവനന്തപുരം നെയ്യാറ്റിൻകര ചാനൽപാലം ഭാഗത്ത് വിഷ്ണു ഭവൻ വീട്ടിൽ വേണു മകൻ തിരുവല്ലം ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ (48) എന്നയാളെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്. ഇയാൾ ജൂലൈ ഇരുപതാം തീയതി രാത്രി മുണ്ടക്കയത്ത് പ്രവർത്തിച്ചുവരുന്ന തോപ്പിൽ റബ്ബേഴ്സ് എന്ന സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് അകത്തു കയറി മേശ കുത്തി തുറന്ന് 85,000 രൂപയും, കടയ്ക്കുള്ളിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 100 കിലോയോളം വരുന്ന കുരുമുളകും, ഉണങ്ങിയ കൊക്കോയും, 150 കിലോയോളം വരുന്ന ഒട്ടുപാലും മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയായ ഉണ്ണികൃഷ്ണനെക്കുറിച്ച് സൂചന ലഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ രഹസ്യാന്വേഷണത്തില്‍ ഇയാൾ മോഷണ മുതൽ സൂക്ഷിക്കുന്നതിന് വേണ്ടി നെയ്യാറ്റിൻകരയിൽ വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന് കണ്ടെത്തുകയും പ്രതിയെ ഇവിടെ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു . ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും സ്വന്തമായി രണ്ട് ടാറ്റാ സുമോ, ഒരു ടാറ്റാ വിസ്റ്റ കാർ,ഒരു സ്കൂട്ടർ, ബൈക്ക് എന്നിവയും ഏക്കർ കണക്കിന് കൃഷിഭൂമിയും മോഷണത്തിലൂടെ സമ്പാദിച്ചതായും, കൂടാതെ അഞ്ചൽ, ആയൂർ, പൂയപ്പള്ളി,ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ സമീപകാലത്ത് ഇയാൾ നടത്തിയ മോഷണങ്ങളെക്കുറിച്ചും പോലീസിനോട് പറഞ്ഞു. മുണ്ടക്കയം എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എസ്.ഐ മാരായ അനീഷ് പി.എസ്, മനോജ് കെ ജി, സി.പി.ഓ മാരായ രഞ്ജിത്ത് റ്റി, രഞ്ജിത്ത് എസ്. നായർ, ശരത് ചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page