പാറത്തോട് പഞ്ചായത്തില്‍ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും

പാറത്തോട് പഞ്ചായത്തില്‍ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും: അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.
ആനക്കല്ല് : പാറത്തോട് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിക്ക് അന്തിമരൂപം നല്‍കിയതായി പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ഇറിഗേഷന്‍ വകുപ്പ് ആവിഷ്ക്കരിക്കുന്ന മേജര്‍ കുടിവെള്ള പദ്ധതികളിലൂടെ പഞ്ചായത്തിലെ കുടിവെളളക്ഷാമത്തിന് പരിഹാരം കാണുമെന്നും എം.എല്‍.എ. പറഞ്ഞു. വണ്ടന്‍പാറ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്‍റ് ഡോ. ചെറിയാന്‍ മാത്യു മടുക്കകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കുഴി പദ്ധതി വിശദീകരണം നടത്തി. ഫാ. ജോണ്‍ പനച്ചിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം വിമല ജോസഫ്, പഞ്ചായത്തംഗം ജിജി ഫിലിപ്പ്, സൊസൈറ്റി സെക്രട്ടറി ജോസ് ചൂനാട്ട്, കെ.എം. ഹനീഫ, വി.ഡി. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സൊസൈറ്റിയുടെ വാര്‍ഷിക സമ്മളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ജലനിധി പദ്ധതിയിലൂടെ 20 ലക്ഷം രൂപ മുടക്കി ജോളി മടുക്കകുഴി സൗജന്യമായി നല്‍കിയ സ്ഥലത്താണ് 55000 ലിറ്ററിന്‍റെ ജലസംഭരണിയുടെ പണി പൂര്‍ത്തീകരിച്ചത്. 456 കുടുംബങ്ങളിലായി 2656 ആളുകള്‍ ഇതിന്‍റെ ഗുണഭോക്താക്കളാണ്. പാറത്തോട് പഞ്ചായത്തിന്‍റെ 16, 17, 18 വാര്‍ഡുകളിലാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
പടം അടിക്കുറിപ്പ് – വണ്ടന്‍പാറ കുടിവെള്ളപദ്ധതിയുടെ പുതിയ ജലസംഭരണിയുടെ ഉല്‍ഘാടനം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എ.എ. നിര്‍വ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page