കൂട്ടിക്കൽ ചപ്പാത്ത് ചെക്ക് ഡാം പൊളിക്കാൻ നടപടിയായി
കൂട്ടിക്കൽ ചപ്പാത്ത് ചെക്ക് ഡാം പൊളിക്കാൻ നടപടിയായി
കൂട്ടിക്കൽ : കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തെ ചെക്ക് ഡാം പൊളിച്ചു നീക്കാൻ നടപടി. കഴിഞ്ഞ പ്രളയങ്ങളിൽ കൂട്ടിക്കൽ ടൗണിൽ വെള്ളംകയറി നാശനഷ്ടങ്ങൾ സംഭവിക്കാൻ ഇടയാക്കിയത് ചെക്ക് ഡാം മൂലമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഇത് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കുകയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിനെതുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ വിഷയം ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മന്ത്രിയുടെ നിർദേശപ്രകാരം ജലവിഭവ വകുപ്പ് വിശദമായ പഠനം നടത്തി. തുടർന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു .തുടർന്ന് കഴിഞ്ഞദിവസം ജലവിഭവ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ചീഫ് എൻജിനീയർ ഇൻ ചാർജ് പി ശ്രീദേവി പൊളിച്ചുനീക്കാൻ ഉത്തരവിടുകയായിരുന്നു. തുടർ നടപടികൾ സ്വീകരിച്ച് പരമാവധി വേഗത്തിൽ പൊളിച്ചുനീക്കുമെന്നും എം.എൽ.എ പറഞ്ഞു.
ജല ദൗർലഭ്യം പരിഹരിക്കുന്നതിനും,പുല്ലകയാറിൽ ജലം സംഭരിച്ച് നിർത്തി ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും ലക്ഷ്യം വെച്ചിരുന്ന ഈ പദ്ധതി പ്രളയകാലത്ത് ദുരിതത്തിന് കാരണമാവുകയായിരുന്നു