പണം ഇരട്ടിപ്പിച്ചു നൽകാമെന്നു ഉറപ്പ് നൽകി സൂപ്പർമാർക്കറ്റ് ഉടമയിൽ നിന്നുമായി 5 ലക്ഷം രൂപ കവർന്നു
പൊള്ളാച്ചി: പണം ഇരട്ടിപ്പിച്ചു നൽകാമെന്നു ഉറപ്പ് നൽകി സൂപ്പർമാർക്കറ്റ് ഉടമയിൽ നിന്നുമായി 5 ലക്ഷം രൂപ കവർന്ന ശേഷം പണത്തിനു പകരം കടലാസ് കഷണങ്ങൾ നൽകി തട്ടിപ്പ് നടത്തിയ മലയാളി പിടിയിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറ സ്വദേശി ഷണ്മുഖമാണ് (52) അറസ്റ്റിലായത്.
കിണത്തുക്കടവിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ഒടയകുളം സ്വദേശി രാജേന്ദ്രൻ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. മുൻപരിചയമുള്ള രാജേന്ദ്രനെ ഷണ്മുഖം ഫോണിൽ ബന്ധപ്പെട്ടു തന്റെ കൈവശം കള്ളപ്പണമുണ്ടെന്നും 25,000 രൂപ തന്നാൽ 50,000 തിരികെ തരാമെന്നും അറിയിച്ചു. പണം നൽകിയ രാജേന്ദ്രന് 50,000 രൂപ തിരിച്ചുനൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് ഇരട്ടി നൽകാമെന്ന വാഗ്ദാനം നൽകിയത്. തുടർന്ന് അഞ്ച് ലക്ഷം വാങ്ങി 10 ലക്ഷം എന്ന വ്യാജേന നോട്ടിന്റെ രൂപത്തിൽ മുറിച്ച പേപ്പർ നൽകുകയായിരുന്നു.