വിദേശമദ്യവുമായി പച്ചക്കറിക്കട ഉടമ പൊലീസ് പിടിയിലായി

കോട്ടയം കങ്ങഴയിൽ പച്ചക്കറി കട കേന്ദ്രീകരിച്ച് മദ്യ വിൽപ്പന; ഒൻപത് ലിറ്റർ വിദേശമദ്യവുമായി പച്ചക്കറിക്കട ഉടമ പൊലീസ് പിടിയിലായി

കോട്ടയം: ബിവറേജ് അവധിയുള്ള ദിവസങ്ങളിലും ഡ്രേ ഡേ ദിവസങ്ങളിലും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒൻപത് ലിറ്റർ വിദേശമദ്യവുമായി പച്ചക്കറിക്കട ഉടമ പിടിയിൽ. ചങ്ങനാശേരി കങ്ങഴ ജംഗ്ഷനിൽ പച്ചക്കറി കട നടത്തുന്ന കോട്ടയം പാമ്പാടി വില്ലേജിൽ പൂതകുഴി കരയിൽ പാലക്കൽ വീട്ടിൽ മാധവൻ മകൻ മുരളീധരനെയാണ് കോട്ടയം എക്‌സൈസ് ഇന്റലിജൻസ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്വ്കാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

ചങ്ങനാശേരി കങ്ങഴയിലെ പച്ചക്കറി കട കേന്ദ്രീകരിച്ചായിരുന്നു പ്രതി മദ്യവിൽപ്പന നടത്തിയിരുന്നത്. മദ്യവിൽപ്പനയില്ലാത്ത ദിവസങ്ങളിലും ഡ്രൈഡേ ദിവസങ്ങളിലുമായിരുന്നു ഇയാൾ മദ്യവിൽപ്പന നടത്തിയിരുന്നത്. ഇതേ തുടർന്നു ദിവസങ്ങളായി എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതേ തുടർന്നു സ്വാതന്ത്ര്യ ദിനത്തിൽ ഫിലിപ്പ് തോമസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പിടികൂടിയത്്.

ഇയാളുടെ പച്ചക്കറിക്കടയിൽ സൂക്ഷിച്ചിരുന്ന ആറു ലിറ്റർ മദ്യവും, ഇയാളുടെ സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന മൂന്നു ലിറ്റർ മദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. സ്‌കൂട്ടറും മദ്യം വിറ്റ് ലഭിച്ച 3500 രൂപയും പിടിച്ചെടുത്തു. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫിസർ ലെനിൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ മാമ്മൻ സാമുവൽ, സുരേഷ് എസ്, ലാലു തങ്കച്ചൻ, ദീപു ബാലകൃഷ്ണൻ വനിതാ സിവിൽ എക്‌സൈസ് ഓഫിസർ വിജയ രശ്മി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page