ജീവനെടുത്ത് പേമാരി; ഇത്തിക്കരയാറ്റിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി; മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിമൂന്ന്

തിരുവനന്തപുരം: ഇത്തിക്കരയാറ്റിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പള്ളിമൺ ഭാഗത്ത് ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ നാട്ടുകാരാണ് പള്ളിമൺ ചിപ്പിന് താഴെ നൗഫലിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇതോടെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പെട്ട് മരിച്ചവരുടെ എണ്ണം പതിമൂന്നായി. കണ്ണൂരിലെ നെടുംപുറംചാലിൽ ഉരുൾപൊട്ടി രണ്ടരവയസുകാരിയുടേത് ഉൾപ്പെടെ അഞ്ചുപേരുടെ ജീവനാണ് ഇന്നലെ പേമാരി കവർന്നത്.

അതേസമയം, കനത്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. തിരുവനന്തപുരം പരുത്തിപ്പാറയിൽ വീടിന് മുകളിൽ മതിൽ വീണു. മാത്യു എന്നയാളുടെ വീടിന് മുകളിലാണ് സമീപവാസിയുടെ മതിൽ വീണത്. ആർക്കും പരിക്കില്ല. കോട്ടയത്ത് കുമരകം, ചെങ്ങളം, ഇല്ലിക്കൽ, തിരുവാർപ്പ് ഭാഗങ്ങളിൽ വീടുകളിലും കടകളിലും വെള്ളം കയറി.

കണ്ണൂർ നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ ഗതാഗതം നിരോധിച്ചു. യാത്രക്കാർ കൊട്ടിയൂർ- പാൽചുരം വഴി പോകണമെന്ന് അധികൃതർ അറിയിച്ചു. ഉരുൾപൊട്ടലുണ്ടായ മേഖലകളിലേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇന്നും പത്ത് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. ആലപ്പുഴ മുതൽ കണ്ണൂർ വരെയുളള ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്നും നാളെയും കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത തുടരന്നുവെന്നാണ് നിലവിലെ വിലയിരുത്തൽ. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്നും കൂടുതൽ മഴ സാധ്യത. വെള്ളിയാഴ്ചയോട് കൂടി മഴ കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനാൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പൊയിൽ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല. ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും. തിങ്കളാഴ്ച രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിൽ കണിച്ചാർ, കേളകം, പേരാവൂ‍ർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പൂളക്കുറ്റിയിൽ ജോസെന്നയാളുടെ വീടിന് മുകളിലേക്ക് കല്ലും മരവും പതിച്ചു. ഉഗ്ര ശബ്ദം കേട്ട് മക്കളെയും വിളിച്ച് പുറത്തേക്ക് ഓടിയതിനാലാണ് കുടുംബം രക്ഷപ്പെട്ടത്.

ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് മഴ മുന്നറിയിപ്പോ ഒഴിപ്പിക്കലോ ഇല്ലാത്തതുകൊണ്ടാണ് കണ്ണൂരിലെ മലയോരത്ത് ദുരിതം വർദ്ധിച്ചതെന്ന് പേരാവൂർ എംഎൽഎ സണ്ണി ജോസഫ്. കണിച്ചാ‍ർ, കേളകം, പേരാവൂർ പഞ്ചായത്തുകളിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരും കൃഷി നശിച്ചവരുമായി നിരവധി പേരുണ്ട്. സർക്കാർ അടിയന്തരമായി മൂന്ന് പ‌ഞ്ചായത്തുകളിൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page