മര്‍ഫി സായ്പ്പിന്റെ നൂറ്റമ്പതാം ജന്മദിനം: മദ്ധ്യതിരുവതാംകൂറിന്റെ വികസന ശില്പിയെ മറന്ന് മലയോരം
മര്‍ഫി സായ്പ്പിന്റെ നൂറ്റമ്പതാം ജന്മദിനം: മദ്ധ്യതിരുവതാംകൂറിന്റെ വികസന ശില്പിയെ മറന്ന് മലയോരം.റബര്‍ ബോര്‍ഡിന്റെ പ്രഖ്യാപനവും ജലരേഖയായി
അജീഷ് വേലനിലം
മുണ്ടക്കയം:കടല്‍താണ്ടി കേരളത്തിലെത്തി റബ്ബര്‍ കൃഷിയിലൂടെ മലയോര മേഖലയുടെയും കോട്ടയം ജില്ലയുടെയും അതിലുപരി മദ്ധ്യതിരുവതാംകൂറിന്റെയും വികസനവിപ്ലവങ്ങള്‍ക്കു തുടക്കം കുറിച്ച അയര്‍ലണ്ട് സ്വദേശിയായിരുന്നു മര്‍ഫി സായിപ്പെന്ന ജോണ്‍ ജോസഫ് മര്‍ഫിയെ മറന്ന് റബര്‍ ബോര്‍ഡും മലയോരവും
ഇന്ത്യന്‍ റബര്‍ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്ന ജോണ്‍ ജോസഫ് മര്‍ഫി എന്ന മര്‍ഫി സായ്പിന് ഏന്തയാറ്റില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2016 ല്‍ തുടങ്ങിയെങ്കിലും മുടങ്ങിയിരുന്നു.വരും തലമുറയ്ക്കായി മര്‍ഫി സായ്പിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാനായിരുന്നു റബര്‍ബോര്‍ഡിന്റെ തീരുമാനം എന്നാല്‍ ഇത് നടപ്പിലായില്ല.
ഇന്ത്യയിലെ റബര്‍ തോട്ടവ്യവസായത്തിന്റെ പിതാവ് മര്‍ഫി സായ്പ് 1904 ലാണ് അയര്‍ലന്‍ഡില്‍ നിന്നും മുണ്ടക്കയത്തെത്തി പൂഞ്ഞാര്‍ വഞ്ചിപ്പുഴ രാജാക്കന്‍മാരില്‍ നിന്നും ഏന്തയാറ്റില്‍ സ്ഥലം വാങ്ങി റബര്‍കൃഷി ആരംഭിച്ചത്.1903ല്‍ തട്ടേക്കാട്ടും 1903ല്‍ ളാഹയിലും കൃഷി പരാജയപ്പെട്ട ശേഷമാണ് ഏന്തയാറ്റില്‍ കൃഷി ആരംഭിച്ചത്.ഏന്തയാര്‍,ഇളംകാട്,കൂട്ടിക്കല്‍ എന്നിവിടങ്ങളിലായി 1910 ആയപ്പോള്‍ റബര്‍ കൃഷി 120000 ഏക്കറോളം സ്ഥലങ്ങളില്‍ വ്യാപിച്ചു.തൊഴിലാളികളെ ഏറെ സ്‌നേഹിച്ചിരുന്ന സായ്പ് ഏന്തയാറ്റില്‍ ബംഗ്ലാവ് പണിത് താമസമുറപ്പിച്ചു തൊഴിലാളികള്‍ക്ക് വേണ്ടി ഏന്തയാറ്റില്‍ ഡിസ്പന്‍സറിയും ഇളംകാട്ടില്‍ കാനറി പഠനശാലയും പണിതിരുന്നു.മതപരമായ വിശ്വാസം ഏറെയുണ്ടായുണ്ടായിരുന്ന മര്‍ഫി സായ്പ് പണികഴിപ്പിച്ചിരുന്നതാണ് ഇന്നത്തെ മുണ്ടക്കയം ലത്തീന്‍ പള്ളി.
സ്വാതന്ത്രാനന്തരം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണമെന്ന തീരുമാനത്തില്‍ സായ്പ് ഏറെ ദു:ഖിതനായിരുന്നു.ചുരുങ്ങിയ വിലയ്ക്ക് എസ്റ്റേറ്റുകള്‍ വിറ്റ് സായ്പ് ഇന്ത്യ വിടാനൊരുങ്ങി.തൊഴിലാളികളെ ഏറെ സ്‌നേഹിച്ചിരുന്ന മര്‍ഫി സായ്പിന് മരണ ശേഷം രോഗികളുടെ സെമിത്തേരിയില്‍ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു ആഗ്രഹം ഇതിനായി അദ്ദേഹം അന്ത്യകര്‍മ്മങ്ങള്‍ക്ക് വേണ്ടി മുണ്ടക്കയം സെന്റ് മേരീസ് ലത്തീന്‍ പള്ളിയിലെ ഫാദര്‍ ഫെലിസി സി മൂസിയെ ചുമതലപ്പെടുത്തിയിരുന്നു. 1957ല്‍ നാഗര്‍കോവിലിലെ ആശുപത്രിയില്‍ മരിച്ച മര്‍ഫി സായ്പിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ഏന്തയാര്‍ പ്ലാപ്പള്ളിയിലെ സെന്റ് ജോസഫ് പള്ളിയുടെ സെമിത്തേരിയില്‍ സംസ്‌കരിച്ചു.
ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന തോട്ടം തൊഴിലാളി നിയമങ്ങളില്‍ പലതും മര്‍ഫി സായ്പിന്റെ സംഭാവനയാണ്. മര്‍ഫി സായ്പിന്റെ ഓര്‍മ്മയ്ക്കായി ഏന്തയാര്‍ ടൗണില്‍ ജെ ജെ മര്‍ഫി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളും,അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ ജെ ജെ മര്‍ഫി മെമ്മോറിയല്‍ പബ്ലിക് സ്‌കൂളും പ്രവര്‍ത്തിക്കുന്നു. മര്‍ഫി സായ്പിന്റെ അമ്പത്തിയാറാം ചരമദിനത്തില്‍ റബര്‍ ബോര്‍ഡ് മുന്‍കയ്യെടുത്ത് മര്‍ഫി സായ്പിന് സ്മാരകമൊരുക്കുന്നതിന് ശ്രമം തുടങ്ങിയിരുന്നു
സ്‌പൈസസ് ബോര്‍ഡില്‍ നിന്നും പ്രൊഡക്ഷന്‍ കമ്മീഷണറായി ചാര്‍ജ്ജ് എടുത്ത ഡോ.ജെ തോമസ് മര്‍ഫിയുടെ കല്ലറ സന്ദര്‍ശിച്ചതോടെയാണ് സ്മാരകമെന്ന ആശയം ഉയരുന്നത്. ഏന്തയാര്‍ സെന്റ് ജോസഫ് പള്ളിയുടെ സെമിത്തേരിയിലുള്ള മര്‍ഫിയുടെ കല്ലറയും അതിന് ചുറ്റുമുള്ള ആറ് സെന്റ് സ്ഥലവും പാട്ട വ്യവസ്ഥയില്‍ വിജയപുരം രൂപത റബര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഷീലാ തോമസിന് കൈമാറിയിരുന്നു വരും തലമുറയ്ക്കായി മര്‍ഫി സായ്പിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാനായിരുന്നു റബര്‍ബോര്‍ഡിന്റെ തീരുമാനമെങ്കിലും നടപ്പിലായില്ല. പ്രഖ്യാപനത്തിന്റെ ഏഴുവര്‍ഷം കഴിയുമ്പോള്‍ കാട് പിടിച്ചുകിടക്കുന്ന മര്‍ഫിയുടെ ശവകുടീരം മാത്രമാണ് ബാക്കിയാവുന്നത്