കാഞ്ഞിരപ്പള്ളിയിലെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി
കാഞ്ഞിരപ്പള്ളി: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം കാഞ്ഞിരപ്പളളി കൂവപ്പള്ളി കരയിൽ ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ വീട്ടിൽ മോഹനൻ മകൻ മനു മോഹൻ(30)നെയാണ് കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയത്. ജില്ലാ പൊലീസ് മേധാവി ആർ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മനു മോഹനെ ആറ് മാസക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്.
ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക ആക്രമിച്ച് പരിക്കേൽപ്പിക്കുക, വധശ്രമം നടത്തുക, സ്ത്രീകളെ അപമാനിക്കുക, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്.
മനുമോഹന്റെ സഹോദരനും വിവിധ കേസ്സുകളിൽ പ്രതിയുമായ അനന്തു മോഹനെ 2020-ൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു.