മാടപ്പള്ളിയിൽ അനധികൃതമായി സൂക്ഷിച്ച 12 ചാക്ക് റേഷനരി പിടികൂടി
അനധികൃതമായി സൂക്ഷിച്ച 12 ചാക്ക് റേഷനരി പിടികൂടി
കോട്ടയം:അനധികൃതമായി സൂക്ഷിച്ച 12 ചാക്ക് റേഷനരി പിടികൂടി. മാടപ്പള്ളി പൂവത്തുംമൂട് കരിയിൽ കെ വി ജംഗ്ഷനിലെ സ്വകാര്യവ്യക്തിയുടെ ഗോഡൗണിൽ നിന്നാണ് അരി പിടികൂടിയത്. രാജപ്പൻ ചെട്ടിയാർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാലിചാക്ക് ഗോഡൗണിൽ ഒളിപ്പിച്ച നിലയിലായിരുന്നു അരി. എഫ്സിഐ മുദ്രയോട് കൂടിയ അരി ചാക്കുകൾ പ്ലാസ്റ്റിക് ചാക്കുകളിൽ ഇറക്കി പാക്ക് ചെയ്ത നിലയിലായിരുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന അരി തെങ്ങണയിലെ എൻഎഫ്എസ്ഐ ഗോഡൗണിലേക്ക് മാറ്റി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ജയപ്രകാശ് വി വ്യക്തമാക്കി.
രാജപ്പൻ ചെട്ടിയാരുടെ മൊഴി പ്രകാരം ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള വാകത്താനം കാടമുറിയിലെ വിൽഫ്രഡ് ചാക്കോ എന്നയാളുടെ ഉടമസ്ഥയിലുള്ള 89-ാം നമ്പർ റേഷൻകടയിൽ നിന്നുമാണ് അരി ലഭിച്ചതെന്നാണ് സൂചന. തുടർന്ന് ഇവിടെ നടത്തിയ പരിശോധനയിൽ സ്റ്റോക്കിൽ വ്യത്യാസവും ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. കടയുടമയുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനും നടപടിയായി. പരിശോധനത്തിൽ ജില്ലാ സപ്ലൈഓഫീസർക്കൊപ്പം താലൂക്ക് സപ്ലെ ഓഫീസർ ശ്രീലത എൻ ആർ, ആർ ഐ സന്തോഷ് ആർ എന്നിവരും പങ്കെടുത്തു.