ബസിൽ കുഴഞ്ഞു വീണ യുവതിക്ക് എരുമേലി റൂട്ടിൽ തുണയായി യാത്രക്കാർ.
എരുമേലി : രണ്ട് കുട്ടികളുമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീണ യുവതിയെ നിമിഷങ്ങൾക്കകം ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി യാത്രക്കാരും ജീവനക്കാരും. വഴിയിലെങ്ങും ബസ് നിർത്താതെ പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചാണ് യുവതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയത്. കൈത്താങ്ങും ഒരുമയോടെ പകർന്ന ഈ കാഴ്ച ഇന്ന് എരുമേലി – മുക്കൂട്ടുതറ റൂട്ടിൽ സെന്റ് മേരീസ് പൈലിത്താനം എന്ന സ്വകാര്യ ബസിൽ. രാവിലെ കോട്ടയത്ത് നിന്നും തുലാപ്പള്ളിയിലേക്ക് പുറപ്പെട്ട ബസിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ് മുക്കൂട്ടുതറയിൽ പോകാൻ യുവതിയും ഒപ്പം രണ്ട് കുഞ്ഞുമക്കളും കയറിയത്. എരുമേലി പിന്നിട്ട് ബസ് പൊയ്ക്കൊണ്ടിരിക്കെ യുവതി അവശയായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ സ്ത്രീകൾ ഉൾപ്പടെ മറ്റ് യാത്രക്കാർ സഹായത്തിനെത്തി. തുടർന്നുള്ള സ്റ്റോപ്പുകളിൽ ബസ് നിർത്താതെ അപ്പോൾ തന്നെ മുക്കൂട്ടുതറ അസീസി ആശുപത്രിയിലേക്ക് ബസ് പുറപ്പെട്ടു. മണിമല സ്വദേശികളായ ഡ്രൈവർ സജിത്ത് കണ്ടക്ടർ ജോമോൻ എന്നിവരും യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ യുവതിയെ പ്രവേശിപ്പിച്ചു. അടിയന്തിര ചികിത്സയോടെ ആരോഗ്യ നില മെച്ചപ്പെട്ട യുവതി ഉച്ചയോടെ ആശുപത്രിയിൽ നിന്നും മടങ്ങി.
ഡ്രൈവർ സജിത്ത് കണ്ടക്ടർ ജോമോൻ എന്നിവർ ബസിന്റെ മുന്നിൽ.