എരുമേലി കണമലയിൽ അയ്യപ്പൻമാരുടെ വാഹനം അപകടത്തിൽപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു
എരുമേലി കണമലയിൽ അയ്യപ്പൻമാരുടെ വാഹനം അപകടത്തിൽപ്പെട്ടു; നിയന്ത്രണം വിട്ട് തിട്ടയിലേയ്ക്കു ഇടിച്ചു കയറിയത് തമിഴ്നാട് സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ച വാഹനം
എരുമേലി: തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച വാൻ എരുമേലി കണമലയിൽ നിയന്ത്രണം വിട്ട് റോഡരികിലെ തിട്ടയിലേയ്ക്ക് ഇടിച്ചു കയറി. മൂന്നു യാത്രക്കാർക്ക് സാരമായി ആറോളം പേർക്ക് നിസാരമായും പരിക്കേറ്റു. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ സംഘം സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്നാട് തിരുപ്പൂരിൽ നിന്നുള്ള 12 അംഗ അയ്യപ്പ ഭക്തരാണ് ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ ശബരിമലയിലേയ്ക്കു പുറപ്പെട്ടത്. എരുമേലി കണമല ഭാഗത്തു വച്ച് നിയന്ത്രണം നഷ്ടമായ വാൻ സമീപത്തെ തിട്ടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം തകർന്നു. ്പകടത്തിൽ രണ്ടു യാത്രക്കാരുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. ബാക്കിയുള്ളവർക്ക് നിസാര പരിക്കുകളാണ് ഉള്ളത്. അപകടത്തെ തുടർന്നു കണമല റോഡിൽ ഗതാഗത തടസവും ഉണ്ടായി.
അപകടത്തിൽ പരിക്കേറ്റ അയ്യപ്പഭക്തരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. എരുമേലി പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സംഘം കേസെടുത്തു. കനത്ത മഴയിൽ റോഡിൽ വാഹനം തെന്നി നീങ്ങിയാണ് അപകടമുണ്ടായതെന്നു സംശയിക്കുന്നു.