ഇടതു മുന്നണി ഭരിക്കുന്ന കൊക്കയാറ്റിൽ വൈസ് പ്രസിഡന്റിന്റെ അറസ്റ്റ് ഭരണ മുന്നണിക്കേറ്റ രാഷ്ട്രീയ തിരിച്ചടിയാവുന്നു
കൊക്കയാർ: ഇടതു മുന്നണി ഭരിക്കുന്ന കൊക്കയാറ്റിൽ വൈസ് പ്രസിഡന്റിന്റെ അറസ്റ്റ് ഭരണ മുന്നണിക്കേറ്റ രാഷ്ട്രീയ തിരിച്ചടിയാവുന്നു.കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൽ ഡാനിയേൽ സി പി ഐ യുടെ നേതാവാണ്. ഇദ്ദേഹത്തിനെതിരെ പരാതി നൽകിയതാവട്ടെ ഡി വൈ എഫ് ഐ എന്തയാർ ഈസ്റ്റ് മേഖലാ സെക്രട്ടറിയും സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുമായ മാർട്ടിൻ കുര്യനാണ്.
കർഷകനായ മാർട്ടിന് അച്ഛന്റെ പേരിൽ പാട്ടത്തിനെടുത്ത ഭൂമിയുണ്ടായിരുന്നു. ഈ ഭൂമിയിൽ പടുതാക്കുളം നിർമ്മിക്കുന്നതിനു ശുപാർശക്കത്ത് നൽകുന്നതിനാണ് വൈസ് പ്രസിഡന്റ് കൈക്കൂലി ആവശ്യപ്പെട്ടത് തുടർന്നു മാർട്ടിൻ പരാതിയുമായി വിജിലൻസ് സംഘത്തെ സമീപിക്കുകയായിരുന്നു. ഇതോടെ വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു.
പടുതാക്കുളത്തിനു സബ്‌സിഡി ലഭിക്കുന്നതിനു കൊക്കയാർ കൃഷി ഭവനിൽ സമർപ്പിച്ച അപേക്ഷയിൽ സബ് സിഡി അനുവദിക്കുന്നതിനു കാർഷിക വികസന സമിതിയിൽ പഞ്ചായത്ത് പ്രതിനിധി ആവശ്യം ഉന്നയിക്കണം. ഇത്തരത്തിൽ ഉന്നയിക്കണമെങ്കിൽ തനിക്ക് പണം നൽകണമെന്നായിരുന്നു ഇദ്ദേഹത്തിന്റെനിലപാട്. കൊക്കയാർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് അംഗമാണ് വൈസ് പ്രസിഡന്റ് കൂടിയായ ഡാനിയേൽ.
പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിൽ എത്തിയ അന്വേഷണ സംഘം ഇദ്ദേഹം കൈക്കൂലി വാങ്ങുന്നതിനിടെ കൈക്കൂലിപ്പണം സഹിതം പിടികൂടുകയായിരുന്നു. വിജിലൻസ് ഇടുക്കി ഡിവൈഎസ്പി എ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പഞ്ചായത്ത് ഓഫിസിലിരുന്നാണ് ഇദ്ദേഹം കൈക്കൂലി വാങ്ങിയിരിക്കുന്നത്.
പഞ്ചായത്തിലെ ഭരണമുന്നണിയിലെ പല ചെയ്തികളുടെയും വിമർശകനായിരുന്നു വൈസ് പ്രസിഡന്റ് പ്രതിപക്ഷ അംഗങ്ങൾ പോലും നിർജീവമായി പ്രവർത്തിക്കുമ്പോൾ പ്രതി പക്ഷത്തിനു തുല്യമായാണ് ദാനിയേൽ പ്രവർത്തിച്ചിരുന്നത്.
പതിറ്റാണ്ടുകളായി സിപിഐഎം സിപിഐ വൈര്യം നിലനിൽക്കുന്ന സ്ഥലമാണ് കൊക്കയാർ.
എന്നാൽ നടപടിക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നും സംഘടനാ പ്രവർത്തകനെന്ന നിലയിൽ നേരിട്ട് പരിചയമുണ്ടായിട്ട് പോലും തന്നോട് കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് വിജിലൻസിനെ സമീപിച്ചതെന്നും മാർട്ടിൻ പറയുന്നു.