കനത്ത മഴയിൽ റോഡിൽ തെന്നി മറിഞ്ഞ ബൈക്ക് കെ.എസ്.ആർ.ടി.സി ബസിനിടയിലേയ്ക്കു വീണ് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം.
പൊൻകുന്നം; കനത്ത മഴയിൽ റോഡിൽ തെന്നി മറിഞ്ഞ ബൈക്ക് കെ.എസ്.ആർ.ടി.സി ബസിനിടയിലേയ്ക്കു വീണ് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം. പൊൻകുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരൻ പനമറ്റം അക്കരക്കുന്ന് രാജേന്ദ്രൻ പിള്ള (62)യാണ് അപകടത്തിൽ ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാത്രി 11.45 ന് പാലാ പൊൻകുന്നം റോഡിലായിരുന്നു അപകടം. കനത്ത മഴയിൽ തെന്നി മറിഞ്ഞ ബൈക്ക് കെ.എസ്.ആർ.ടി.സി ബസിന് അടിയിലേയ്്ക്കു മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
പെരിക്കല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് പൊൻകുന്നം ഡിപ്പോയിൽ നിന്നാണ് പുറപ്പെട്ടത്. റോഡിൽ തെന്നി മറിഞ്ഞ സ്‌കൂട്ടർ കെ.എസ്്.ആർ.ടി.സി ബസിന്റെ ഇടത് ചക്രത്തിന് അടിയിലേയ്ക്കു കുടുങ്ങുകയായിരുന്നു. ബസ് കയറിയിറങ്ങി സ്‌കൂട്ടർ പൂർണമായും തകർന്നു. വിവരമറിഞ്ഞ് സ്ഥലതത്തെത്തിയ പൊൻകുന്നം പൊലീസ്, ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.