പ്രിത്വിരാജ് നായകനായ കടുവയുടെ റിലീസ് മാറ്റി വെച്ചു
കൊച്ചി :പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ റിലീസ് മാറ്റി. ഈ മാസം മുപ്പതിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ ഏഴിനായിരിക്കും തിയേറ്ററുകളിലെത്തുക. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
വലിയ സ്വപ്നങ്ങള്‍, വലിയ തടസ്സങ്ങള്‍, ശക്തരായ ശത്രുക്കള്‍, പോരാട്ടം കൂടുതല്‍ കഠിനമാണ്! .ചില അപ്രതീക്ഷിത സാഹചര്യങ്ങള്‍ കൊണ്ട് റിലീസ് ഒരാഴ്ചത്തേക്ക് മാറ്റുകയാണ്. ഷെഡ്യൂള്‍ ചെയ്ത പ്രകാരം ഞങ്ങള്‍ എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളും തുടരുകയും ഈ മാസ് ആക്ഷന്‍ എന്റര്‍ടെയ്നറിനുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യുമെന്നും, ലോകമെമ്ബാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റര്‍ ഉടമകളോടും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു എന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.
2012 ല്‍ പുറത്തിറങ്ങിയ സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അര്ജുന് അശോകന്, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.