സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6% വർധന
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6% വർധന. അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് 2022-23 വർഷത്തെ നിരക്ക് വർധനയെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അറിയിച്ചു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് താരിഫ് പരിഷ്കരണം. കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ചിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.
50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് നിരക്ക് വർധനയില്ല. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ളവർക്കും വർധനവില്ല. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് യൂണിറ്റിന് 25 പൈസയിൽ താഴെ. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 47.50 രൂപ അധികം നൽകേണ്ടിവരും.
അനാഥാലയം, അങ്കണവാടി, വൃദ്ധ സദനം എന്നിവിടങ്ങളിൽ നിരക്ക് വർധനയില്ല. മാരക രോഗികളുള്ള വീടുവകൾക്കും ഇളവുകൾ തുടരും. പെട്ടിക്കടകൾക്ക് കൂടുതൽ ആനുകൂല്യം. കണക്ടഡ് ലോഡ് 2000 ആക്കി ഉയർത്തി.
1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള വരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധന ഇല്ല.
പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധനവില്ല. സംസ്ഥാനത്ത് ഏകദേശം 25 ലക്ഷം ഉപഭോക്താകളാണ് ഈ വിഭാഗത്തിലുള്ളത്. ഇവർക്ക് ആനുകൂല്യം ലഭിക്കും.
അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അംഗൻവാടികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് താരിഫ് വർധനവില്ല. ഏകദേശം 35,200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ താരിഫ് വർധനവില്ല.
എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി.
ചെറിയ പെട്ടികടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടിൽനിന്നു 2000 വാട്ടായി വർധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കും.
കാർഷിക ഉപഭോക്താക്കൾക്ക് ചാർജ് വർധിപ്പിച്ചിട്ടില്ല. ഏകദേശം 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.
10 കിലോവാട്ടുവരെ കണക്ടഡ് ലോഡും ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകൾ, തയ്യൽ ജോലി ചെയ്യുന്നവർ, തുണിയേയ്ച്ചുകൊടുക്കുന്നവർ തുടങ്ങിയ ചെറുകിട സംരംഭകർക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ഈവിഭാഗങ്ങൾക്ക് ശരാശരി യൂണിറ്റിന് 15 പൈസയുടെ താരിഫ് വർധനവ് വരും.
അതേസമയം ഗാർഹിക വൈദ്യുതി നിരക്കിൽ 18 ശതമാനം വർദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വർദ്ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. 2022-23 സാമ്പത്തിക വർഷത്തിലെ നിരക്ക് വർദ്ധനക്കുള്ള താരിഫ് പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. യൂണിറ്റിന് 92 പൈസ നിരക്ക് വർദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 18.14 ശതമാനം നിരക്ക് കൂട്ടണം. ചെറുകിട വ്യവസായിക ഉപഭോക്താക്കൾക്ക് 11.88 ശതമാനവും, വൻകിട വ്യാവസായിക ഉപഭോക്താക്കൾക്ക് 11.47 ശതമാനം വർദ്ധനയും വേണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ. ചെറുകിട കാർഷിക ഉപഭോക്താക്കൾക്ക് നിലവിൽ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വൻകിട കാർഷിക ഉപഭോക്താക്കൾക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയർത്തണം. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയർത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. 2019 ജൂലൈ 19 ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
അതേസമയം വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ കെഎസ്ഇബിക്ക് (KSEB) പിരിഞ്ഞുകിട്ടാനുള്ളത് 2,117 കോടി രൂപയാണ്. വൈദ്യുതി നിരക്ക് വർദ്ധനവിനായി കെഎസ്ഇബി , റഗുലേറ്ററി കമ്മീഷന് താരിഫ് പെറ്റീഷൻ സമർപിച്ച സാഹചര്യത്തിലാണ്, വൻകിട ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞ് കിട്ടാനുള്ള തുക സജീവ ചർച്ചയായത്. ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ചുള്ളതാണ് ഈ തുക. ഇതിൽ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1,020.74 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1,023.76 കോടിയും. വൻകിട ഉപഭോക്താക്കളുടെ കുടിശിക പിരിച്ചെടുക്കാൻ സത്വര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.