മുണ്ടക്കയം പ്രധാന ലൊക്കേഷൻ ആയിരുന്ന പൃഥ്വിരാജിന്റെ “കടുവ” വീണ്ടും നിയമകുരുക്ക്
കോട്ടയം :പൃഥ്വിരാജ് നായകനായ ‘കടുവ’യുടെ കഥ മോഷ്ടിച്ചതെന്ന് ആരോപിച്ചുള്ള ഹരജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. ഹരജിയിൽ സംവിധായകൻ ജിനു വര്‍ഗീസ് എബ്രഹാം, നിർമാതാവ് സുപ്രിയ മേനോൻ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു. തന്‍റെ കഥ മോഷ്ടിച്ചാണ് ചിത്രം നിർമിച്ചതെന്ന് പരാതിപ്പെട്ട് തമിഴ്നാട് സ്വദേശി മഹേഷ് എം സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്‍റെ നടപടി.
ഇത് സംബന്ധിച്ച് ഹരജിക്കാരൻ പാലാ സബ് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഇടക്കാല ഉത്തരവിനുള്ള അപേക്ഷ പരിഗണിക്കാത്തതിനെ തുടർന്നാണ് അഡ്വ. കെ വി രശ്മി മുഖേന ഹൈക്കോടതിയെ സമീപിച്ചത്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന കടുവ ജൂണ്‍ 30നാണ് റിലീസ് ചെയ്യുക.
വിവേക് ഒബ്‌റോയ് ആണ് പ്രതിനായക വേഷത്തിലെത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് കടുവ. നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം മാസ് ആക്ഷൻ എന്‍റര്‍ടെയിനര്‍ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്.
കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാ സ്വദേശിയുടെ നിയമപോരാട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. സായ്കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.